ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന വേദിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്നാടും ഒറ്റക്കെട്ടാണെന്നും പറഞ്ഞു. എമ്പുരാന്‍ സിനിമയെ കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന്‍ ആക്രമിക്കപ്പെട്ടെന്ന് പിണറായി വിജയന്‍ സമാപന വേദിയില്‍ അഭിപ്രായപ്പെട്ടു.

സിബിഎഫ്‌സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി. അതേസമയം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എംഎ ബേബി രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ് പാര്‍ട്ടി ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി എന്ന് പറഞ്ഞു.

സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും വിശാലമായ യോജിപ്പ് വളര്‍ത്തിയെടുക്കണം എന്ന് പറയുമ്പോള്‍ തന്നെ ബിജെപിയെ നവഫാസിസ്റ്റ് നീക്കം എന്ന് തന്നെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും ഓരോ സംസ്ഥാനത്തിന്റെയും സവിശേഷ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് നിലപാടുകള്‍ സ്വീകരിക്കുക എന്ന് ബേബി കൂട്ടിച്ചേര്‍ത്തു.