'സിനിമ കണ്ടതിന് ശേഷം ഭര്‍ത്താവിന് ഫ്രിഡ്ജ് തുറക്കാന്‍ ഭയം, മുടി അഴിച്ചിട്ട് നോക്കിയാലും പേടി'; രസകരമായ പ്രതികരണത്തെ കുറിച്ച് ആത്മീയ

കോള്‍ഡ് കേസ് ചിത്രം റിലീസായതിന് പിന്നാലെ ഫ്രിഡ്ജിനുള്ളില്‍ കഴിഞ്ഞ ഈവ മരിയയുടെ ആത്മാവിനെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സിനിമ കണ്ടതിന് ശേഷം തന്റെ ഭര്‍ത്താവിന്റെ പേടിയെ കുറിച്ചും രസകരമായ പ്രതികരണത്തെ കുറിച്ചുമാണ് ഈവ മരിയയെ അവതരിപ്പിച്ച നടി ആത്മീയ ഇപ്പോള്‍ പറയുന്നത്.

കോവിഡ് കാലത്താണ് ചിത്രത്തിനായുള്ള ഓഫര്‍ ലഭിക്കുന്നത് എന്നാണ് ആത്മീയ പറയുന്നത്. പൃഥ്വിരാജ് ചിത്രം എന്ന് കേട്ടപ്പോള്‍ തന്നെ വളരെ സന്തോഷമായിരുന്നു. തിരക്കഥകൃത്ത് ശ്രീനാഥ് ചേട്ടനും സംവിധായകന്‍ തനു ചേട്ടനുമാണ് തന്നോട് കഥ പറയുന്നത്. ഒരു 6, 7 ദിവസം മാത്രമേ ഷൂട്ടിംഗ് ഉണ്ടാവുകയുള്ളൂവെന്ന് അവര്‍ പറഞ്ഞിരുന്നു.

അപ്പോള്‍ ആശങ്ക തോന്നി. കാരണം ഒരു പൃഥ്വിരാജ് ചിത്രത്തില്‍ ചെറിയ രംഗങ്ങളില്‍ മാത്രം വന്നു പോയാല്‍ ആളുകള്‍ തന്നെ ശ്രദ്ധിക്കുമോ എന്നായിരുന്നു ഭയം. എന്നാല്‍ ആളുകള്‍ ഒരിക്കലും മറക്കില്ലെന്നുള്ള അവരുടെ ഉറപ്പിലാണ് താന്‍ സിനിമ ചെയ്യുന്നത്. സിനിമ കണ്ടതിന് ശേഷം ഭര്‍ത്താവിന് ഫ്രിഡ്ജ് തുറക്കാന്‍ ഭയമാണെന്നും ആത്മീയ പറയുന്നു.

Read more

വിവാഹത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ്. രാത്രി സിനിമ കാണാന്‍ അദ്ദേഹം സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടതിന് ശേഷം രാത്രിയൊന്നും ഫ്രിഡ്ജ് തുറക്കില്ലെന്നും പേടിയാണെന്നും നടി പറയുന്നു. അതുപോലെ തന്നെ രാത്രിയില്‍ മുടി അഴിച്ചിട്ട് നോക്കിയാലും അദ്ദേഹത്തിന് പേടിയാണെന്നും തമാശ രൂപേണ ആത്മീയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.