നമ്മൾ കാണാൻ ആഗ്രഹിച്ച ലാലേട്ടനെ ഈ ചിത്രത്തിലൂടെ കാണാം; ഒരു തരത്തിലും ഈ സിനിമ നമ്മളെ മടുപ്പിക്കില്ല; 'L 360' നെ കുറിച്ച് ബിനു പപ്പു

ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാലിന്റെ കരിയറിലെ 360- മത് ചിത്രം കൂടിയാണ് തരുൺ മൂർത്തിയോടൊപ്പം ഒരുങ്ങുന്നത്. റാന്നിക്കാരനായ ടാക്സി ഡ്രൈവർ ഷണ്മുഖമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. സൂപ്പർ സ്റ്റാർ എന്നതിലുപരി കുറേ നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടനെ ഈ  ചിത്രത്തിലൂടെ കാണാൻ കഴിയുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ചിത്രത്തിലെ സഹ സംവിധായകനും നടനുമായ ബിനു പപ്പു ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഏറെ നാളായി പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ലാലേട്ടനെ ഈ ചിത്രത്തിലൂടെ കാണാമെന്നാണ് ബിനു പപ്പു പറയുന്നത്. സിനിമയുടെ ചിത്രീകരണം അവസാനിക്കാനായെന്നും, 25 ദിവസം കൂടിയേ ഇനി ഷൂട്ടിംഗ് ബാക്കിയൊളളൂവെന്നും ബിനു പപ്പു പറയുന്നു.

“ഇനി ഒരു ഷെഡ്യൂള് കൂടെയുണ്ട്. പത്തോ പതിനെട്ടോ ദിവസം മാത്രമേ അത് ഷൂട്ട് ചെയ്യാന്‍ ഉണ്ടാകുകയുള്ളൂ. അത് പെന്‍ഡിങ്ങായതാണ്. പിന്നെ എഡിറ്റ് വര്‍ക്ക് നടക്കുന്നുണ്ട്. ഡബ്ബിങ് തുടങ്ങാനിരിക്കുകയാണ്. ഇത് ഓള്‍റെഡി ലൂപ്പില്‍ ഉണ്ടായ കഥയാണ്. അതിനകത്ത് തരുണ്‍ കുറച്ച് പണിയെടുത്തിട്ടുണ്ട്. പിന്നെ പ്രൊജക്റ്റ് പെട്ടെന്ന് ഓപ്പണായി. അടുത്ത വര്‍ഷമാകും ഷൂട്ട് തുടങ്ങുക എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. തരുണ്‍ പെട്ടെന്ന് ഒരു ദിവസം രാവിലെ എന്നെ വിളിച്ചു. ഏപ്രില്‍ 22ന് ഷൂട്ടിങ് തുടങ്ങുമെന്ന് പറഞ്ഞു. നിനക്ക് എന്നാല്‍ പിന്നെ 21ാം തീയതി വിളിച്ചാല്‍ പോരായിരുന്നോ എന്നാണ് ഞാന്‍ ചോദിച്ചത്.

രണ്ടാഴ്ച മുമ്പാണ് എന്നെ വിളിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ സിനിമയുടെ ഷൂട്ടിങ്ങൊക്കെ തുടങ്ങുന്നത്. നല്ലൊരു സിനിമയാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സിനിമയിലൂടെ കുറച്ച് കാലമായി നമ്മള്‍ ആഗ്രഹിച്ച ലാലേട്ടനെ കാണാന്‍ സാധിക്കും. വിന്റേജ് മോഹന്‍ലാലിനെയല്ല. പകരം മോഹന്‍ലാലിന്റെ നല്ലൊരു കഥാപാത്രത്തെ നമുക്ക് കാണാന്‍ പറ്റും. ഒരു തരത്തിലും ഈ സിനിമ നമ്മളെ മടുപ്പിക്കില്ല. അത്രയും നല്ല രീതിയിലാണ് നമ്മള്‍ ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്. ലാലേട്ടന്റെ നല്ലൊരു സിനിമ കൊണ്ടുവരണം എന്നുള്ള ആഗ്രഹുമുണ്ട്. എല്ലാവരും അങ്ങനെ തന്നെയാണ് അദ്ദേഹത്തിന് വേണ്ടിയുള്ള സിനിമ ചെയ്യുന്നത്.

പക്ഷെ എവിടെയോ പാളിപോകുന്നതാണ്. പക്ഷെ നമ്മള്‍ പാളിപോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളുമെടുക്കുന്നുണ്ട്. നല്ലൊരു സിനിമ തന്നെയാകും ഇത്. ബാക്കി ഞാന്‍ കൊന്നാലും പറയില്ല. എനിക്ക് തിരിച്ച് അങ്ങോട്ട് തന്നെ പോകണ്ടേ. ഇനിയും ഒരു പത്ത് – ഇരുപത്തിയഞ്ച് ദിവസത്തെ ഷൂട്ട് ബാക്കി കിടപ്പുണ്ട്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിനു പപ്പു പറഞ്ഞത്.

മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’യിൽ ആയിരുന്നു ഒടുവിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. പ്രശസ്ത ഫോട്ടോഗ്രാഫർ കെ. ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തികരഞ്ജിത്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും – ഡിസൈൻ – സമീറ സനീഷ്, നിർമ്മാണ നിർവ്വഹണം – ഡിക്സൻ പൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.