രണ്ടു രൂപ തന്ന് ലൈംഗികമായി ഉപദ്രവിച്ചയാളുടെ വീട് ഇന്ന് നാല്‍പ്പത് ലക്ഷം രൂപയ്ക്ക് വാങ്ങി, എല്ലാം മനസിനെ വേട്ടയാടുന്നു: രഞ്ജു രഞ്ജിമാര്‍

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തതെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. അന്ന് രണ്ടു രൂപ തന്ന് ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും ഇന്ന് താന്‍ നാല്‍പതു ലക്ഷം രൂപയ്ക്ക് വാങ്ങിയതായും രഞ്ജു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലപരീക്ഷ എഴുതാന്‍ രണ്ടു രൂപ ഫീസ് കൊടുക്കാന്‍ പോലും അന്ന് വീട്ടുകാരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. വീടിനടുത്തുള്ള ഒരാളോട് താന്‍ സഹായം ചോദിച്ചു. അയാള്‍ തന്നെങ്കിലും തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു. എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടു രൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് താന്‍ മനസിലാക്കുന്നത്. അന്ന് ദ്രോഹിച്ച ആളുടെ വീടും സ്ഥലവും താന്‍ പിന്നീട് നാല്‍പതു ലക്ഷം രൂപയ്ക്ക് വാങ്ങി എന്ന് രഞ്ജു പറയുന്നു. ഉത്സവങ്ങള്‍ക്ക് ഗാനമേള ഉള്ള ഇടത്തും മറ്റും എന്തെങ്കിലും പരിപാടി അവതരിപ്പിക്കാന്‍ താനും കൂട്ടുകാരും അവസരം ചോദിക്കുമായിരുന്നുവെന്നും അപ്പോള്‍ ഏല്‍ക്കേണ്ടി വന്ന അധിക്ഷേപം ഭീകരമാണെന്നും രഞ്ജു പറയുന്നു.

Read more

അനാവശ്യ സ്പര്‍ശനങ്ങളും ബല പ്രയോഗങ്ങളും വേറെ. തങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നവരുടെ മനസ്ഥിതി മനസിലാക്കാന്‍ പ്രയാസമാണ്. പുറമെ മാന്യന്മാര്‍ ആണ് പലരും. പോലീസിന്റെ ഉപദ്രവങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതൊക്കെ മനസിനെ വേട്ടയാടും. അന്ന് കിട്ടിയ അടിയുടെ പാടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസില്‍ മായാതെ നിലനില്‍ക്കുന്നുണ്ട് എന്നും രഞ്ജു പറഞ്ഞു.