കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം; ആതിരപ്പള്ളിയില്‍ നാളെ ഹര്‍ത്താല്‍; പിന്തുണ പ്രഖ്യാപിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാളെ ജനകീയ ഹര്‍ത്താല്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ആതിരപ്പള്ളിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമാക്കണം,വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം വേണം, സര്‍ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍.

വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ഇരുവരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവരുടെ കുടുംബം.

ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ഇവരെല്ലാം ചിതറിയോടുകയായിരുന്നു. എന്നാല്‍ സതീഷനും അംബികയും കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.അംബികയുടെ മൃതദേഹം പുഴയില്‍നിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്.

മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവന്‍ നഷ്ടമായത്.