പാർട്ടി ഏൽപ്പിച്ച ചുമതല ഏറ്റവും ഉത്തരവാദിത്വം നിറഞ്ഞതെന്ന് കെ കെ രാഗേഷ്. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം പ്രതികരിക്കുകയായിരുന്നു കെ കെ രാഗേഷ്. ഏറ്റവും ഉത്തരവാദിത്വം നിറഞ്ഞ ഒന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന സ്ഥാനമെന്നും എല്ലാവരുമായി കൂടിയാലോചിച്ച് കൂട്ടായി ചുമതല നിർവഹിക്കാൻ സാധിക്കുമെന്ന ഉത്തമബോധ്യം തനിക്കുണ്ടെന്നും കെ കെ രാഗേഷ് പറഞ്ഞു.
കണ്ണൂർ ജില്ലയിലെ പാർട്ടി രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയത് സ്വാഭാവികമായി വന്നു ചേർന്ന ഒന്നല്ല. അത്യുജ്ജ്വലമായ പോരാട്ടങ്ങളാണ് കണ്ണൂർ ജില്ലയിലെ പാർട്ടിയെ രൂപപ്പെടുത്തിയതെന്നും ധീരരായ രക്തസാക്ഷികൾ ജീവൻ സമർപ്പിച്ചുകൊണ്ട് നടത്തിയ ചെറുത്തുനില്പിന്റെയും പോരാട്ടങ്ങളുടെയും ഉൽപ്പന്നമാണ് കണ്ണൂരിലെ പാർട്ടി എന്നും കെ കെ രാഗേഷ് പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാൻ ആർഎസ്എസ് ശ്രമിക്കുമ്പോൾ കേരളത്തിൽ ആ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെ ചെറുത്ത് പരാജയപ്പെടുത്തിയ ജില്ലയാണ് കണ്ണൂർ എന്നും കെ കെ രാഗേഷ് പറഞ്ഞു തീർഥാടനം മുഖംമൂടിയാക്കി പാർട്ടി കേന്ദ്രങ്ങളിൽ പോലും വർഗീയത കൊണ്ടുവരുന്നു. വിശ്വാസവും വർഗീയതയും രണ്ടാണ്. ഇതിനെതിരെ പോരാടും. അത്തരം തീർഥാടനത്തിന് പിന്നിൽ വർഗീയ അജണ്ടയാണുള്ളത്. സമ്മേളനങ്ങൾ മുന്നോട്ടുവെച്ച കാര്യങ്ങൾ ഫലപ്രദമായി നിർവ്വഹിക്കും. പാർട്ടിയിൽ തലമുറ മാറ്റത്തിന്റെ പ്രശ്നമില്ലെന്നും എല്ലാവരും ചേർന്നുള്ള പ്രവർത്തനമാണ് നടക്കുക കെ കെ രാഗേഷ് പറഞ്ഞു.