96ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹെയ്മർ’. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ഛായാഗ്രഹണം തുടങ്ങീ 7 പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
960 മില്ല്യൺ ഡോളറാണ് ഓപ്പൺഹെയ്മർ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ നേടിയത്. കൂടാതെ ഓപ്പൺഹെയ്മർ എന്ന ചിത്രത്തിലൂടെ തന്റെ ആദ്യ ഓസ്കർ നേട്ടം കൂടിയാണ് ക്രിസ്റ്റഫർ നോളൻ സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി നോളൻ എത്രയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് സിനിമ ലോകത്തെ ചൂടേറിയ ചർച്ച.
ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ചിത്രത്തിന് വേണ്ടി 85 മില്ല്യൺ ഡോളറാണ് ( 704 കോടി രൂപ) ക്രിസ്റ്റഫർ നോളൻ ചിത്രത്തിനായി പ്രതിഫലം വാങ്ങിയിരിക്കുന്നത്. കൂടാതെ ഓസ്കർ നേടിയതിന് ശേഷം അതിന്റെ ബോണസ് പ്രതിഫലവും നോളന് ലഭിക്കുമെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന റോബർട്ട് ജെ ഓപ്പൺഹെയ്മറുടെ ജീവിതം ആസ്പദമാക്കിയാണ് ക്രിസ്റ്റഫർ നോളൻ ചിത്രമൊരുക്കിയത്. കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
അതേസമയം നോളൻ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥാ രചന തുടങ്ങിയെന്നാണ് ഹോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. ‘ദി പ്രിസണർ എന്ന’ 1960 ലെ ടിവി സീരീസിന്റെ റീമേക്ക് ആണ് നോളന്റെ അടുത്ത സിനിമയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.