ഫോട്ടോ എടുക്കുന്നതിന് മുമ്പ് ലാലേട്ടന്‍ തിരിഞ്ഞു നോക്കി എന്നെ വിളിച്ചു, 'വാ കുട്ടി ഇങ്ങോട്ട് വാ' എന്ന് പറഞ്ഞ് മുന്നില്‍ കൊണ്ടു പോയി ഇരുത്തുകയായിരുന്നു: ധന്യ മേരി വര്‍ഗീസ്

മിനിസ്‌ക്രീന്‍ രംഗത്തു നിന്നും വീണ്ടും ബിഗ് സക്രീനിലേക്ക് എത്തിയ സന്തോഷത്തിലാണ് നടി ധന്യ മേരി വര്‍ഗീസ്. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കാണെക്കാണെ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ച സന്തോഷം പങ്കുവച്ച് ധന്യ സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്നിരുന്നു.

മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകള്‍ ചെയ്തതിനെ കുറിച്ചാണ് ആരാധകരുമായി സംവദിക്കവെ ധന്യ തുറന്നു പറഞ്ഞിരിക്കുന്നത്. റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ തനിക്ക് ലാലേട്ടനൊപ്പം രണ്ട് കോമ്പിനേഷന്‍ രംഗങ്ങളാണ് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് താന്‍ ഏറ്റവും പിറകിലാണ് നിന്നിരുന്നത്. ക്യാമറയില്‍ എന്തായാലും പതിയില്ല എന്ന് കരുതി തന്നെയാണ് നിന്നത്.

ലാലേട്ടന്‍ ഏറ്റവും മുന്നില്‍, എല്ലാവരുടെയും നടുവില്‍ നില്‍ക്കുന്നു. ഫോട്ടോ എടുക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം തിരിഞ്ഞ്, എല്ലാവരെയും ഒന്ന് നോക്കി. എന്നിട്ട് തന്നെ വിളിച്ച്, ‘വാ കുട്ടി ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞ് തന്നെ മുന്നില്‍ കൊണ്ടു പോയി ഇരുത്തി. ആ ഫോട്ടോ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. എല്ലാവരെയും ശ്രദ്ധിക്കുകയും, അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ലാലേട്ടന്‍.

അതിന് ശേഷമാണ് പ്രണയം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ലാലേട്ടന്‍, ജയപ്രഭ മാം, അനുപം ഖേര്‍ തുടങ്ങി വലിയ താരങ്ങളെ വച്ച് ബ്ലസി സര്‍ ചെയ്യുന്ന സിനിമ. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ലാലേട്ടന്‍ വന്ന് കഴിഞ്ഞാല്‍ നമ്മളെ വളരെ കൂളാക്കാന്‍ നോക്കും. ഭയങ്കര ഫ്രണ്ട്ലി ആയി പെരുമാറും. ഒട്ടും ടെന്‍ഷന്‍ തരത്തില്ല.

Read more

അതുകൊണ്ട് തന്നെ ലാലേട്ടനൊപ്പമുള്ള അഭിനയാനുഭവം മനോഹരമായിരുന്നു. ഒരിക്കല്‍ എങ്കിലും എല്ലാ ആര്‍ട്ടിസ്റ്റും ലാലേട്ടനൊപ്പം അഭിനയിക്കണം എന്നാണ് തനിക്ക് തോന്നിയത്. കാരണം അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ലാലേട്ടന്‍ ഓരോ രംഗവും ചെയ്യുന്നത് കണ്ട് നമ്മള്‍ ശരിക്കും നോക്കി ഇരുന്ന് പോവും എന്നാണ് ധന്യ പറയുന്നത്.