അച്ഛന്റെ പുരയിടം വിറ്റ കാശിനാണ് എന്റെ ആ സിനിമയുടെ കടം തീർത്തത്: ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ സംവിധായകനായ ആദ്യ ചിത്രമായിരുന്നു നിവിൻ പോളി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളായൊരുക്കിയ ‘ലവ് ആക്ഷൻ ഡ്രാമ’. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്നതിൽ ചിത്രം പരാജയപ്പെട്ടിരുന്നു. അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായി വന്ന സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ചെന്നൈയിലുള്ള അച്ഛന്റെ ഭൂമി വിറ്റാണ് കടം തീർത്തത് എന്നാണ് ധ്യാൻ പറയുന്നത്.

“അച്ഛന് ചെന്നൈയിൽ ഭൂമിയുണ്ടായിരുന്നു. പിന്നീട് താമസം ഇങ്ങോട്ട് മാറ്റി. അങ്ങനെ ആ സ്ഥലം വിൽക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ആ സ്ഥലം കച്ചവടമായി നിൽക്കുന്ന സമയമാണ്. അപ്പോൾ ലവ് ആക്ഷൻ ഡ്രാമയുടെ തിരക്കിലായിരുന്നു. സാമ്പത്തികമായി ടൈറ്റിലായിരുന്നു. ഞങ്ങൾ തന്നെയാണ് നിർമ്മിക്കുന്നതും. ഞാനും വിശാഖും ഇങ്ങനെ എവിടുന്ന് പൈസ ഉണ്ടാക്കും എന്ന് ആലോചിച്ചിരിക്കുകയാണ്. അപ്പോൾ വിശാഖ് പറഞ്ഞു, ഒരു വഴിയുണ്ട്. എന്താണെന്ന് പിന്നെ പറയാം, നീ എവിടുന്നാണെങ്കിലും വാങ്ങിച്ചോ എന്ന്.

പിറ്റേദിവസം തന്നെ അവൻ കാശ് ഒപ്പിച്ചു. ആ ഷെഡ്യൂൾ തീർത്തു. വീട്ടിലെത്തിയ ശേഷമാണ് അവൻ എന്നോട് പറയുന്നത് ആ കാശ് എന്റെ അച്ഛന്റേതായിരുന്നുവെന്ന്. ആ പുരയിടം വിറ്റ കാശിനാണ് ഞങ്ങളുടെ കടം വീട്ടിയത്. ചെറിയ കാര്യമല്ല അത്. അഭിനയിക്കാൻ വന്നതാണ്. അദ്ദേഹത്തിന്റെ കാശ് വാങ്ങിയിട്ടാണ് സെറ്റിൽ ചെയ്യുന്നത്. ചിലപ്പോൾ ഞാനായിരുന്നു കാശ് ചോദിച്ചിരുന്നതെങ്കിൽ അന്നത് കിട്ടില്ലായിരുന്നു.” എന്നാണ് ഫ്ലവേഴ്സ് ടിവിയിലെ ഒരു പരിപാടിയിൽ ധ്യാൻ പറഞ്ഞത്.