'പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം'; മമ്മൂട്ടിയെ പ്രശംസിച്ച് ഭദ്രന്‍

അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഭീഷ്മ പര്‍വം സിനിമയെയും മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവമെന്നാണ് മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഭദ്രന്‍റെ കുറിപ്പ്..

ഭീഷമ പര്‍വം ഇന്നലെ ആണ് ആ സിനിമ കാണാന്‍ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതല്‍ ലോകാവസാനം വരെ ഈ കുടിപ്പക ആവര്‍ത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ

എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ വെല്ലുവിളി ആണ്. ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളോയുടെ ‘ഗോഡ് ഫാദറി’ന് മുന്‍പും പിന്‍പും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകള്‍ ഉണ്ടായി. എന്ത് കൊണ്ട് ‘ഗോഡ് ഫാദര്‍’ സവിശേഷതയോടെ കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്നു.

അവിടെ നിന്ന് ഭീഷമ പര്‍വത്തിലേക്ക് വരുമ്പോള്‍, ജിഗിലറി കട്ട്സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്‌മെന്റ്‌സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ലാഘനീയമാണ്. ഒറ്റവാക്കില്‍ ‘മൈക്കിള്‍’ എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം. മൈക്കിളിന്റെ വെരി പ്രസന്റ്‌സ്. മൊഴികളിലെ അര്‍ഥം ഗ്രഹിച്ച് ഔട്ട്സ്‌പോക്കണ്‍ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട്.

Read more