സംഗീതസംവിധായകന് രമേഷ് നാരായണ്‍ ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്ന് സംവിധായകന് ജയരാജ്. എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിനിടെയാണ് നടന് ആസിഫ് അലിയില്‍ നിന്നും മൊമന്റോ വാങ്ങാന്‍ രമേഷ് നാരായണ്‍ വിസമ്മതിച്ചത്.
ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ മൊമന്റോ സ്വീകരിക്കാതെ, ട്രോഫി പിടിച്ചുവാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകന് ജയരാജനെ വേദിയിലേക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുക്കുകയും അത് തനിക്ക് നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
ഈ വീഡിയോ വൈറലായതോടെ രമേഷ് നാരായണ്‍ നടനെ പരസ്യമായി അപമാനിച്ചുവെന്ന പേരില്‍ സൈബര്‍ ആക്രമണം ഉയരുകയായിരുന്നു. എന്നാല്‍ ആസിഫിനെ രമേഷ് നാരായണ്‍ അപമാനിച്ചതായി തോന്നുന്നില്ല എന്നാണ് ജയരാജ് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രതികരണത്തില്‍ പറയുന്നത്.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയെല്ലാം ആദരിച്ചെങ്കിലും രമേഷ് നാരായണിനെ വേദിയിലേക്ക് വിളിച്ചിരുന്നില്ല. ഇത് സംഘാടകരെ അറിയിച്ചപ്പോഴാണ് അവര്‍ ആസിഫ് അലിയെ മൊമന്റോ നല്‍കാനായി വിളിച്ചത്. ആസിഫിന്റെ കൈയ്യില്‍ നിന്നും അത് വാങ്ങി രമേഷ് നാരായണ്‍ എന്നെ വിളിച്ച് എന്റെ കൈയ്യില്‍ തന്ന് വീണ്ടും ഉപഹാരം വാങ്ങി.
അത് ചിത്രത്തിന്റെ സംവിധായകനോടുള്ള നന്ദി പ്രകടിപ്പിച്ചതാകാം. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന് തോന്നിയിട്ടില്ല. അത്തരത്തിലുള്ള ഒരു പ്രവര്‍ത്തി ചെയ്യുന്ന വ്യക്തിയല്ല രമേഷ് നാരായണ്‍ എന്നാണ് ജയരാജ് പറയുന്നത്.