ബിജുവിനൊപ്പം അഭിനയിക്കാന്‍ മടിച്ച ആ താരങ്ങള്‍: അനുഭവം പങ്കുവെച്ച് ജിബു ജേക്കബ്

ബിജു മേനോന്റെ അഭിനയ ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളില്‍ ഒന്നാണ് വെളളിമൂങ്ങ. ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ സാമ്പത്തിക വിജയം നേടിയിരുന്നു.
വലിയ ഹൈപ്പുകളില്ലാതെ എത്തിയ ബിജു മേനോന്‍ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ഇപ്പോഴിതാ ബിജു മേനോനൊപ്പം അന്ന് സപ്പോര്‍ട്ടിംഗ് റോളില്‍ അഭിനയിക്കാന്‍ പലരും തയ്യാറായില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ജിബു ജേക്കബ്.

മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. അജു വര്‍ഗീസ് ചെയ്ത റോളിലേക്ക് ആദ്യം മറ്റ് ആര്‍ട്ടിസ്റ്റുകളെ നോക്കിയിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ ബിജുവിന്റെ മാമച്ചന് താഴെ നില്‍ക്കുന്ന റോള്‍ ചെയ്യാന്‍ ആരും തയ്യാറായില്ല. പിന്നെയാണ് അജുവിനോട് കഥ പറയുന്നത്.

അജുവിന്റെ റോളിന് പുറമെ സിനിമയില്‍ ആസിഫ് അലി ചെയ്ത അതിഥി വേഷത്തിനും മറ്റ് താരങ്ങളെ നോക്കിയിരുന്നു എന്നാല്‍ ആരെയും ആ റോളിലേക്ക് കിട്ടിയില്ല. പിന്നെ ബിജു മേനോന്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ആസിഫ് വന്ന് ആ റോള്‍ ചെയ്തു. വെളളിമൂങ്ങയിലെ ബിജുവിന്റെ റോള്‍ മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്നാണ് ആദ്യം തന്നോട് തിരക്കഥാകൃത്ത് പറഞ്ഞതെന്നും ജിബു ജേക്കബ് പറഞ്ഞു. എന്നാല്‍ മമ്മൂക്കയെ ഇങ്ങനെയുളള റോളുകളില്‍ നമ്മള്‍ പലവട്ടം കണ്ടതാണ്. അതുകൊണ്ട് ബിജു തന്നെയായിരുന്നു എന്റെ മനസില്‍. പിന്നെ നിര്‍മ്മാതാക്കളെ കണ്ടെത്താനുളള ശ്രമങ്ങളായിരുന്നു. പലരെയും സമീപിച്ചെങ്കിലും കിട്ടിയില്ല.

Read more

ഒടുവില്‍ ഒന്ന് ഒന്നര വര്‍ഷം കൊണ്ട് ഒരു നിര്‍മ്മാതാവിനെ ലഭിച്ചു. ഓര്‍ഡിനറിയിലെ റോള്‍ കണ്ടാണ് മാമച്ചനായി ബിജു തന്നെ മനസില്‍ വന്നതെന്നും സംവിധായകന്‍ പറഞ്ഞു.