എം. പദ്മകുമാർ സംവിധാനം ചെയ്ത ‘തിരുവമ്പാടി തമ്പാൻ’ എന്ന് സിനിമയുടെ ചിത്രീകരണത്തിനിടെ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയ്ക്കാണ് നടൻ ജഗതി ശ്രീകുമാർ വാഹനാപകടത്തിൽപ്പെടുന്നത്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ എം. പദ്മകുമാർ.
അന്ന് തലേദിവസം രാത്രി വരെ ഷൂട്ടിങ് ഉണ്ടായിരുന്നെന്നും പോകാനിറങ്ങിയ ജഗതിയോട് ഇപ്പോൾ പോകേണ്ട രാവിലെ പോയാൽ മതിയെന്ന് നെടുമുടി വേണു പറഞ്ഞിരുന്നെന്നും എം. പദ്മകുമാർ ഓർക്കുന്നു. എന്നാൽ പിറ്റേദിവസം തങ്ങൾ എഴുന്നേൽക്കുന്നത് തന്നെ അപകട വാർത്ത കേട്ടുകൊണ്ടാണെന്നാണ് എം. പദ്മകുമാർ പറയുന്നത്.
“ആ അപകടവാർത്ത തീർത്തും ഞെട്ടിക്കുന്നതായിരുന്നു. തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയിൽ ഷൂട്ടിങ്ങുണ്ടായിരുന്നു. അത് കഴിഞ്ഞ് പോകുമ്പോൾ നെടുമുടി വേണു ചേട്ടൻ പറഞ്ഞു അമ്പിളി നീ ഇപ്പോൾ പോകേണ്ട, രാവിലെ പോകാമെന്ന്. നമ്മൾ എത്ര സൂക്ഷിച്ചാലും വേറെ ആരെങ്കിലും അശ്രദ്ധമായാൽ പോരെ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ സ്ഥിരമായി യാത്ര ചെയ്യുന്നതല്ലേ എന്ന് ജഗതി ചേട്ടൻ പറഞ്ഞു.
അടുത്ത ദിവസം ഞങ്ങൾ എഴുനേൽക്കുന്നത് ഈ വാർത്ത കേട്ടാണ്. അന്ന് പോലും ഇത്രത്തോളം പോകുമെന്ന് ആരും കരുതിയിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ഭാഗങ്ങൾ മറ്റൊരാളെവെച്ചാണ് ഡബ്ബ് ചെയ്തത്. അദ്ദേഹത്തെവെച്ച് ഒരു ഗാനരംഗവും ചില സീനുകളും ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്.” എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ എം പദ്മകുമാർ പറയുന്നത്.