പരാജയപ്പെട്ടപ്പോള്‍ വിഡ്ഢിയായി തോന്നി, എന്നു വച്ച് മൂന്ന് വര്‍ഷത്തോളം കരഞ്ഞ് ഇരിക്കാനാവില്ല: പുരി ജഗന്നാഥ്

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ ‘ലൈഗര്‍’ ചിത്രം പരാജയപ്പെട്ടതില്‍ പ്രതികരിച്ച് സംവിധായകന്‍ പുരി ജഗന്നാഥ്. സിനിമ പരാജയപ്പെടുമ്പോള്‍ വിഡ്ഢിയായി തോന്നും. മൂന്ന് വര്‍ഷം കൊണ്ട് ഒരുക്കിയ സിനിമയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ അടുത്ത മൂന്ന് വര്‍ഷത്തോളം കരഞ്ഞ് ഇരിക്കാന്‍ ആവില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

ലൈഗറിന് വേണ്ടി മൂന്ന് വര്‍ഷം ജോലി ചെയ്തു. മനോഹരമായ സെറ്റുകള്‍ നിര്‍മ്മിച്ചതും മൈക്ക് ടൈസനൊപ്പം പ്രവര്‍ത്തിച്ചതും ആസ്വദിച്ചു. എന്നാല്‍ സിനിമ പരാജയപ്പെട്ടു. അതുകൊണ്ട് അടുത്ത മൂന്ന് വര്‍ഷം കരഞ്ഞു കൊണ്ടിരിക്കാന്‍ ആവില്ല. വിജയം ഒരുപാട് ഊര്‍ജ്ജം കൊണ്ടുവരും. എന്നാല്‍ പരാജയത്തോടെ ആ ഊര്‍ജ്ജമെല്ലാം ഇല്ലാതാകും.

വിജയിക്കുമ്പോള്‍ നമ്മള്‍ ഒരു പ്രതിഭയാണെന്നും പരാജയപ്പെടുമ്പോള്‍ ഒരു വിഡ്ഢിയായും തോന്നും. സിനിമകള്‍ വിജയിക്കുമ്പോള്‍ നമ്മളില്‍ വിശ്വസിക്കുന്നവര്‍, ഒരു സിനിമ പരാജയപ്പെടുമ്പോള്‍ നമുക്കെതിരെ തിരിയും. വളരെയധികം സമ്മര്‍ദ്ദമുണ്ട്. അതെല്ലാം നേരിടാന്‍ ശക്തി ആവശ്യമാണ്.

Read more

നമുക്ക് പരിക്കേല്‍ക്കുമ്പോള്‍ അത് സുഖമാകാന്‍ സമയം ആവശ്യമാണ്. എന്നാല്‍ താന്‍ വിശ്വസിക്കുന്നത് സുഖമാകാനുള്ള കാലയളവ്് ചെറുതായിരിക്കണം എന്നാണ്. ചിലപ്പോള്‍ ചുറ്റുമുള്ളവരെ നഷ്ടപ്പെട്ടേക്കാം, സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം എന്നിരുന്നാലും നമ്മള്‍ അടുത്ത കാര്യത്തിലേക്ക് പോകണം എന്നാണ് സംവിധായകന്‍ പറയുന്നത്.