അച്ഛന്‍ മരിച്ച വിഷമത്തില്‍ തകര്‍ന്നു നിന്ന എന്നോട് ഒരു സീന്‍ എടുത്ത് നിറുത്താമെന്ന് നിര്‍മ്മാതാവ്: ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ടു; തുറന്നുപറഞ്ഞ് വിനു

മോഹന്‍ലാലിനെ നായകനാക്കി വിഎം വിനു ഒരുക്കിയ ചിത്രമാണ് ബാലേട്ടന്‍. നെടുമുടി വേണു, സുധീഷ്, ദേവയാനി, റിയാസ് ഖാന്‍, ഇന്നസെന്റ് , ജഗതി ശ്രീകുമാര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം മികച്ച വിജയമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണസമയത്തായിരുന്നു തന്റെ അച്ഛന്റെ മരണമെന്നും അതോടെ ഏറെ നന്നായി മുന്നോട്ടുപോയിരുന്ന ഷൂട്ടിംഗ് നിറുത്തിവെയ്‌ക്കേണ്ടി വന്നുവെന്നും, ഈ സമയത്ത് തന്നെ ആശ്വസിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നുവെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് വിനു.

ക്‌ളൈമാക്സ് സീന്‍ എടുക്കാന്‍ മുഴുവന്‍ യൂണിറ്റും തയ്യാറായി നിന്ന സമയത്താണ് അച്ഛന്റെ മരണവാര്‍ത്ത അറിയുന്നത്. എന്തുചെയ്യണമെന്ന് അറിയാതെ നിന്ന തനിക്ക് ധൈര്യം തന്നത് മോഹന്‍ലാലാണ്. ഷൂട്ടിംഗ് നിറുത്തിവെച്ച് ഉടന്‍ വീട്ടിലേക്ക് തിരിക്കണമെന്ന് ലാല്‍ജി പറഞ്ഞു. എന്നാല്‍ പ്രൊഡ്യൂസര്‍ക്ക് ഒരു സീന്‍ എടുത്തിട്ട് നിറുത്തിയാല്‍ മതിയെന്നായിരുന്നു. ലാല്‍ജി സമ്മതിച്ചില്ല, നടക്കില്ലെന്നും ഡയറക്ടറുടെ അച്ഛനാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഒടുവില്‍ വീട്ടിലെത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തി. സ്ഥലത്തെത്തി ആശ്വസിപ്പിക്കുന്നതിനിടെ പ്രൊഡ്യൂസര്‍ ചോദിച്ചത് ക്‌ളൈമാക്സ് സീന്‍ എപ്പോള്‍ എടുക്കാമെന്നായിരുന്നു. അച്ഛന്‍ മരിച്ച വേദനയേക്കാള്‍ എന്നെ നടുക്കിയത് ആ ചോദ്യമായിരുന്നു. എങ്ങനെയാണ് അതിന് ഉത്തരം നല്‍കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അച്ഛനാണ് അവിടെ കത്തിയെരിയുന്നത്, ക്‌ളൈമാക്സ് നമുക്ക് ആലോചിക്കാമെന്ന് മാത്രം പറഞ്ഞു. ഇടയ്ക്ക് ലാല്‍ജി വിളിച്ച് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു’-തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിനു ബാലേട്ടനിലെ അനുഭവം പങ്കുവെച്ചത്.