പന്ത്രണ്ട് വര്‍ഷത്തെ പ്രണയം, മൂകാംബികയില്‍ വച്ച് വിവാഹിതരായി.. എന്നാല്‍ വേര്‍പിരിയേണ്ടി വന്നു: ദിവ്യ പിള്ള

തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തി നടി ദിവ്യ പിള്ള. ഒരു ബ്രിട്ടീഷ് പൗരനുമായി താന്‍ 12 വര്‍ഷത്തോളം പ്രണയത്തില്‍ ആയിരുന്നുവെന്നും അയാളെ വിവാഹം ചെയ്തിരുന്നുവെന്നുമാണ് ദിവ്യ പിള്ള തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായതോടെയാണ് ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി സംസാരിച്ചത്.

”ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വര്‍ഷമായി റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. മൂകാംബികയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. എന്റെ മാതാപിതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങ് ഞങ്ങള്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല.”

”ഞങ്ങള്‍ രണ്ട് പേരും രണ്ട് രാജ്യങ്ങളിലെ പൗരന്മാരായതിനാല്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ പിരിഞ്ഞു. ഞാന്‍ ജീവിതത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും, അദ്ദേഹം ജീവിതത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും തമ്മില്‍ ഒത്തുപോകാന്‍ പറ്റില്ലെന്നു മനസിലായപ്പോള്‍ പിരിയുകയായിരുന്നു.”

”നിയമപരമായി റജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ വിവാഹമോചനത്തിന്റെ നൂലാമാലകള്‍ ഉണ്ടായിരുന്നില്ല. നിങ്ങള്‍ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നല്‍കണമെന്ന് എനിക്ക് ആശയക്കുഴപ്പമാണ്. ചുരുക്കത്തില്‍ ഞാന്‍ ദീര്‍ഘകാലമായി ഒരു ബന്ധത്തിലായിരുന്നു. അത് അവസാനിച്ചു.”

”ഞാന്‍ ഇപ്പോള്‍ മറ്റൊരാളുമായി ഡേറ്റിംഗിലാണ്. അക്കാര്യം പങ്കുവയ്ക്കാന്‍ ഞാന്‍ മാനസികമായി ഒരുങ്ങുന്നതു വരെ രഹസ്യമാക്കി വയ്ക്കാനാണ് തീരുമാനം. അതിനെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോള്‍ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിംഗ് ചെയ്യുന്നില്ലെന്ന് കള്ളം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” എന്നാണ് ദിവ്യ പിള്ള പറയുന്നത്.