ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച ചിത്രമാണ് ‘കാന്താര’. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച സിനിമയാണ്. ദൈവ എന്ന ദൈവീക രൂപമായുള്ള ഋഷഭ് ഷെട്ടിയുടെ പെര്‍ഫോമന്‍സ് പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരുന്നു. ചിത്രത്തില്‍ ദൈവക്കോലത്തെ കെട്ടിയാടിയതിനാല്‍ ആളുകള്‍ തന്റെ കാല്‍ക്കല്‍ വീഴാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി.
”കാന്താര റിലീസായിട്ട് രണ്ട് വര്‍ഷത്തിന് അടുത്തായി. എന്നാല്‍ പല പരിപാടികള്‍ക്ക് പോകുമ്പോഴും ഇപ്പോഴും ആളുകള്‍ വന്ന് എന്റെ കാല്‍ക്കല്‍ വീഴുകയും ബഹുമാനത്തോടെ തൊഴുകയും ചെയ്യാറുണ്ട്. ഇത് കാണുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് പലപ്പോഴും അറിയാത്ത അവസ്ഥയാണ്. ഞാന്‍ ഒരു ദൈവിക അസ്തിത്വമല്ല, ഒരു നടന്‍ മാത്രമാണ്.”
കാന്താരയില്‍ നിങ്ങള്‍ കണ്ടത് ഞാന്‍ ചെയ്ത ഒരു കഥാപാത്രം മാത്രമാണ്. ആ ദൈവം ഞാനല്ല. എനിക്ക് സ്‌നേഹം നല്‍കിയതിന് ദൈവങ്ങളോടും ആളുകളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ എന്നെ ഒരു കലാകാരനായി തന്നെ പരിഗണിക്കുക. ഭക്തി ദൈവങ്ങളായിരിക്കട്ടെ” എന്നാണ് ഋഷഭ് ഷെട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീക്വല്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. കന്നടയില്‍ നിന്നും വീണ്ടുമൊരു വിസ്മയം എത്തുമെന്നാണ് ചിത്രത്തെ കുറിച്ചെത്തിയ റിപ്പോര്‍ട്ടുകള്‍. കാന്താര: ചാപ്റ്റര്‍ 1 അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
കാന്താരയുടെ ചരിത്രമാണ് ഇനി പറയാന്‍ പോകുന്നത്. ഋഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥാണ്. ഛായാഗ്രഹണം അരവിന്ദ് കശ്യപ് നിര്‍വ്വഹിക്കും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. പരശുരാമനാണ് ഫസ്റ്റ് ലുക്കിലെ കഥാപാത്രം എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നു വന്നിരുന്നു.