ഈ കഥ ദുല്‍ഖറിനോട് പറഞ്ഞിരുന്നു, അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തിരുന്നു, എന്നാല്‍ പിന്നീട് ആസിഫ് അലിയിലേക്ക് എത്തി: മാത്തുക്കുട്ടി

ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോ ഡിസംബര്‍ 24ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകന്‍ 17 വയസുള്ള കോളജ് വിദ്യാര്‍ത്ഥി ആയാണ് ആസിഫ് വേഷമിടുന്നത്.

കുഞ്ഞെല്‍ദോയുടെ കഥ ആദ്യം ദുല്‍ഖര്‍ സല്‍മാനോട് പറഞ്ഞിരുന്നതായാണ് മാത്തുക്കുട്ടി പറയുന്നത്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ടാണ് സിനിമ ആസിഫ് അലിയിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ മാത്തുക്കുട്ടി വെളിപ്പെടുത്തുന്നത്.

ഈ കഥ ദുല്‍ഖറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാവുകയും ചെയ്തു. പിന്നീട് മറ്റു ചില കാരണങ്ങള്‍ കൊണ്ടാണ് അത് വഴി മാറി പോയത്. ഈ സിനിമയുടെ ട്രെയിലര്‍ ആദ്യം അയച്ചു കൊടുത്തത് ദുല്‍ഖറിനാണ്. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തത് ദുല്‍ഖര്‍ ആണ്.

അങ്ങനെ ഏറെ പ്രാധാന്യമുള്ള വ്യക്തി തന്നെയാണ് ദുല്‍ഖര്‍ എന്നാണ് മാത്തുക്കുട്ടി പറയുന്നത്. യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതുന്നതിനിടെയാണ് വിനീത് ശ്രീനിവാസനെ വിളിക്കേണ്ട സാഹചര്യം വരുന്നതും അങ്ങനെയാണ് കുഞ്ഞെല്‍ദോയിലേക്ക് എത്തിയതെന്നും മാത്തുക്കുട്ടി വ്യക്തമാക്കി.

വിനീത് ആണ് സ്വന്തമായി എന്തെങ്കിലും എഴുതിക്കൂടെ എന്ന് ചോദിക്കുന്നത്. ആദ്യം വിനീത് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു കുഞ്ഞെല്‍ദോ. എന്നാല്‍ കുറച്ച് പ്രൊജക്ടുകള്‍ വന്നതോടെ ഒരു വര്‍ഷത്തോളം മാറ്റി വെയ്‌ക്കേണ്ടി വന്നു. കൂടെ നില്‍ക്കാം എന്ന് വിനീതേട്ടന്‍ ഉറപ്പ് തന്നതു കൊണ്ടാണ് താന്‍ സംവിധാനത്തിലേക്ക് വന്നതെന്നും മാത്തുക്കുട്ടി പറഞ്ഞു.