പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ റിലീസിനോടടുക്കുകയാണ്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.
ഓസ്കർ ജേതാവ് എ. ആർ റഹ്മാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. എന്നാൽ ഇപ്പോഴിതാ വിഖ്യാത മ്യൂസിക് ഡയറക്ടർ ഹാൻസ് സിമ്മറെ ആടുജീവിതത്തിന്റെ മ്യൂസിക് ചെയ്യാൻ വേണ്ടി ബന്ധപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
“ആടുജീവിതത്തിന്റെ മ്യൂസിക് ചെയ്യാനായി
ഹാൻസ് സിമ്മറെ ബന്ധപ്പെട്ടിരുന്നു. അപ്പോഴേക്കും എ. ആർ റഹ്മാൻ സർ ചെയ്യാം എന്ന് സമ്മതിച്ചു. ഞങ്ങളുടെ ഫസ്റ്റ് ചോയിസ് റഹ്മാൻ സാറും സെക്കന്റ് ചോയ്‌സ് സിമ്മറും ആയിരുന്നു.” എന്നാണ് ആടുജീവിതം പ്രൊമോഷൻ പരിപാടിക്കിടെ പൃഥ്വിരാജ് വെളിപ്പെടുത്തിയത്.
ക്രിസ്റ്റഫർ നോളൻ ചിത്രം ഇന്റർസ്റ്റെല്ലാർ, ഡൺകിർക്ക്, ഇൻസെപ്ഷൻ, ഡാർക്ക് നൈറ്റ് ട്രിലജി, ഡെന്നിസ് വില്ലെനെവ് ചിത്രം ഡ്യൂൺ പാർട്ട് 1&2, ബ്ലേഡ് റണ്ണർ, ദി ലയൺ കിംഗ്, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ, ഡാവിഞ്ചി കോഡ്, ഗ്ലാഡിയേറ്റർ തുടങ്ങീ ലോകസിനിമയിലെ തന്നെ മികച്ച സിനിമകൾക്ക് സംഗീതമൊരുക്കിയ മ്യുസീഷനാണ് ഹാൻസ് സിമ്മർ.
ഡ്യൂൺ പാർട്ട് 1, ദി ലയൺ കിംഗ് എന്നീ സിനിമകൾക്ക് ഓസ്കർ പുരസ്കാരവും 3 തവണ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും സ്വന്തമാക്കിയ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാൾ കൂടിയാണ് ഹാൻസ് സിമ്മർ.
വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.
2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.