ലിയോ ജയിലറിനോട് പരാജയപ്പെട്ടാലും എനിക്ക് പ്രശ്നമില്ല: ലോകേഷ് കനകരാജ്

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവും കൂടതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ലിയോ. തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയെന്ന രജനികാന്ത് ചിത്രം ജയിലറിന്റെ റെക്കോർഡ്, വരാനിരിക്കുന്ന ലിയോ മറിക്കടക്കുമോ എന്നാണ് വിജയ് ആരാധകർ ഉറ്റുനോക്കുന്ന ഒരു പ്രധാന കാര്യം.

ഇപ്പോഴിതാ അതിനെ പറ്റി സംവിധായകൻ ലോകേഷ് കനകരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. “ബോക്സ്ഓഫീസ് കളക്ഷനെ കുറിച്ച് എനിക്ക് ആശങ്കയില്ല. സിനിമ കാരണം നിർമ്മാതാവിന് നഷ്ടം സംഭവിക്കാതിരിക്കുക എന്ന കാര്യം മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്. എന്റെ സിനിമ ഇപ്പോൾ ഒരു സിനിമയെ തോൽപ്പിക്കുകയാണെങ്കിൽ അടുത്ത ആഴ്ച എന്റേത് തോൽക്കും. ഞാൻ കരാർ ഒപ്പിടുമ്പോൾ അതിൽ ബോക്സ്ഓഫീസ് റെക്കോർഡുകൾ മറികടക്കുമെന്ന് ഇല്ല.

ഈയിടെ ഞാനും ലിയോയുടെ നിർമ്മാതാവായ ലളിത് കുമാറും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ‘ലോകേഷ് നിങ്ങൾ മീമുകൾ കണ്ടോ നമുക്ക് ജയിലർ കളക്ഷൻ തോൽപ്പിക്കണം. അപ്പോൾ ഞാൻ പറഞ്ഞു സാർ നിങ്ങൾ മറ്റൊരു മീം കണ്ടോ, നിങ്ങൾ എനിക്കൊരു ഹെലികോപ്റ്റർ വാങ്ങിയെന്ന് അതിൽ പറയുന്നുണ്ട്. അത് പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഒരുപാട് ചിരിച്ചു.” ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് കനകരാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Read more

വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ  ലിയോക്ക് വൻ ഹൈപ്പാണ്  നിലവിലുള്ളത്. മാസ്റ്ററിന് ശേഷം ഈ കൂട്ടുക്കെട്ടിലെ രണ്ടാമത്തെ സിനിമയാണ് ലിയോ. പതിനാല് വർഷങ്ങൾക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’.സഞ്ജയ് ദത്ത്, അർജുൻ, ഗൌതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മിഷ്കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങീ വമ്പൻ താരനിരയാണ് ലിയോയിൽ ഉള്ളത്.