ശ്രീലക്ഷ്മി എന്ന പേര് മാറ്റിയാണ് നടി ആരാധ്യ ദേവി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് ശ്രീലക്ഷ്മിക്ക് ആരാധ്യ എന്ന പേര് നല്‍കിയത്. ശ്രീലക്ഷ്മി എന്ന പേര് മാറ്റാനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. കൊച്ചിയില്‍ നടന്ന ‘സാരി’ സിനിമയുടെ പ്രമോഷനിടെയാണ് ആരാധ്യ സംസാരിച്ചത്.
ശ്രീലക്ഷ്മി എന്നുള്ള പേര് എനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു. ഞാന്‍ അതൊരു കുറ്റമായി പറയുന്നതല്ല. സ്‌കൂളില്‍ നമ്മുടെ ക്ലാസില്‍ തന്നെ അഞ്ചോ ആറോ ശ്രീലക്ഷ്മി ഉണ്ടായിരിക്കും. എനിക്ക് എപ്പോഴും വ്യത്യസ്തമാര്‍ന്ന പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനും അമ്മയോടും ഇതുമായി ബന്ധപ്പെട്ട് പരാതി പറയാറുമുണ്ടായിരുന്നു.
ഇങ്ങനെയൊരു അവസരം വന്നപ്പോള്‍ എന്തുകൊണ്ട് പേര് മാറ്റിക്കൂടാ എന്ന ചിന്ത വന്നു. ശ്രീലക്ഷ്മി പരമ്പരാഗത പേര് ആണ്. അങ്ങനെ മാതാപിതാക്കളും രാം ഗോപാല്‍ വര്‍മ സാറും കുറച്ച് പേരുകള്‍ നിര്‍ദേശിച്ചു. അതില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്തതാണ് ആരാധ്യ എന്നാണ് ആരാധ്യ പറയുന്നത്.
അതേസമയം, സാരി സിനിമ ഫെബ്രുവരി 28ന് ആണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ എത്തുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ അത് ബാധിക്കില്ലെന്നും ആരാധ്യ പറയുന്നുണ്ട്.
കാരണം ഇതുവരെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് ഞാന്‍ കാണുന്നത്. ഈ നിമിഷങ്ങളെ ഓര്‍ത്ത് സന്തോഷിക്കും എന്നാണ് ആരാധ്യ പറയുന്നത്. ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. സാരിയുടുത്ത യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.