'മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു'; സിനിമ ഒഴുവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ആസിഫലി

മലയാള സിനിമയിൽ 2024 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. ഇനി റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേക്കാണ് ഈ മലയാള ചലച്ചിത്രം മത്സരിക്കാൻ ഒരുങ്ങുന്നത്. മേളയിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മഞ്ഞുമ്മൽ ബോയ്സിന് സ്വന്തമായിരുന്നു. റിലീസ്‌ ചെയ്‌ത്‌ ഒരു മാസം പിന്നിടും മുമ്പേ ആഗോളതലത്തിൽ 200 കോടി ചിത്രം നേടുകയും ചെയ്‌തു.

മലയാളത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റായി മാറിയ ചിത്രത്തിന് കേരളത്തിന് പുറത്തും വൻസ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിലെ ശ്രീനാഥ് ഭാസിയവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ ഈ കഥാ പത്രത്തെ പറ്റി വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ ആസിഫലി.

ചിത്രത്തിൽ ശ്രീനാഥ് ഭാസിയവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രമായി തന്നെ പരിഗണിച്ചിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ആസിഫലിയുടെ വെളിപ്പെടുത്തൽ. മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. പിന്നെ പല ചർച്ചകളുടെയും പുറത്ത് ആ സിനിമയ്ക്ക് ഒരു ബാധ്യതയായി മാറാൻ സാധ്യതയുള്ളതുകൊണ്ട് മാറിയതാണെന്നും താരം പറയുന്നു.