'തലയ്ക്ക് വെളിവുള്ളവര്‍ മതത്തില്‍ നിന്ന് തന്നെ വിട്ടുപോകും കത്തനാരെ'; മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ ജിയോ ബേബി

നിരീശ്വരവാദ ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് ആകര്‍ഷിച്ച് അകറ്റിക്കൊണ്ടുപോകുകയാണെന്ന സിറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താനയ്ക്കെതിരെ സംവിധായകന്‍ ജിയോ ബേബി.

തലയ്ക്ക് വെളിവുള്ളവരൊക്കെ വിട്ടുപോകും കത്തനാരെ എന്നായിരുന്നു അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സഭയെന്നല്ല, സകല മതത്തില്‍ നിന്നും വിട്ടുപോകുമെന്നും താന്‍ വിട്ടു പോയവര്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘എതീസ്റ്റ്’ ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികള്‍ ആകര്‍ഷിക്കപ്പെടുകയാണെന്നും ഈ സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്വര്‍ക്കുണ്ടെന്നും ഒരു സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞെന്ന് ബിഷപ്പ് പ്രസംഗിച്ചിരുന്നു. തൃശൂര്‍ മെത്രാനായി 18 വര്‍ഷം പിന്നിടുന്നു, ഇതിനിടെ 50,000 പേര്‍ കുറഞ്ഞു. 35 വയസ് കഴിഞ്ഞ 15,000 ഓളം യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുകയാണ്.

Read more

അനേകായിരങ്ങള്‍ വിവാഹമോചനം തേടുന്നു. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപതാ കുടുംബവര്‍ഷ സമാപനത്തോട് അനുബന്ധിച്ച് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യവേയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രതികരണം.