ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

തലസ്ഥാനത്ത് ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐ.ബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ മറ്റൊരു യുവതിയുടെ ഇടപെടൽ കൂടി ഉണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ഐ.ബി ഉദ്യോഗസ്ഥ ഗർഭഛിദ്രം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിൻമേൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗർഭഛിദ്രത്തിന് പിന്നിൽ മറ്റൊരു യുവതിയുടെ ഇടപെടൽ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഇവർ ഐ.ബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്നാണ് കുടുംബം നൽകുന്ന വിശദീകരണം.

2024 ജൂലായിലാണ് യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികൾ എന്നാണ് പരിചയപ്പെടുത്തിയത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കാനായി ഇയാൾ ചില വ്യാജ രേഖകൾ ഉണ്ടാക്കിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളും സുകാന്ത് വ്യാജമായി തയ്യാറാക്കിയിരുന്നു. വിവാഹത്തിൻ്റെ ക്ഷണക്കത്താണ് യുവതിയുടെ ബാഗിൽ നിന്ന് പൊലീസിന് ലഭിച്ചത്.

എന്നാൽ പിന്നീട് രണ്ടു തവണയും സുകാന്ത് ആശുപത്രിയിൽ പോയിരുന്നില്ല, ഗർഭഛിദ്രം നടത്താൻ സുകാന്തിൻ്റെ മറ്റൊരു സുഹൃത്തായ മറ്റൊരു യുവതിയാണ് ഐ.ബി ഉദ്യോഗസ്ഥയ്ക്കൊപ്പം പോയത്. ഈ യുവതിക്ക് ആശുപത്രിയിൽ പലരെയും പരിചയമുണ്ടായിരുന്നു എന്നാണ് വിവരം. ഈ പരിചയം കാരണമാണ് ഗർഭഛിദ്ര നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞതെന്നും പൊലീസ് കരുതുന്നു. ഈ യുവതി ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ല. യുവതി ആരാണെന്ന് കണ്ടെത്താനുള്ല അന്വേഷണത്തിലാണ് പൊലീസ്.

Read more

അതേസമയം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സുകാന്ത് ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം സുകാന്തും കുടുംബവും ഒളിവിലാണ്. ഇവർ എവിടെയെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. ഏകമകനാണ് സുകാന്ത്. കുടുംബത്തിന് നാട്ടുകാരുമായി ബന്ധമില്ലായിരുന്നു. അതിനാൽതന്നെ കുടുംബം ഒളിവിൽ പോയ ശേഷം ഇവരുടെ വീട്ടിലുണ്ടായിരുന്ന വളർത്തുമൃഗങ്ങൾ ഭക്ഷണവും വെള്ലവും കിട്ടാത്ത അവസ്ഥയിലായിരുന്നു. ദുരിതം കണ്ട് പഞ്ചായത്ത് ഈ മൃഗങ്ങളെ ഏറ്റെടുത്തു. എട്ട് പശുക്കൾ, ധാരാളം കോഴികൾ, റോട്ട്വീലർ ഇനത്തിൽപ്പെട്ട നായ ഇവയെയെല്ലാമാണ് പഞ്ചായത്ത് ഏറ്റെടുത്തത്.