'ഈ പ്രതിസന്ധിയെ നമുക്ക് ഒന്നിച്ചു നിന്ന് നേരിടാം'; പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് ജോജു ജോര്‍ജ്ജ്

66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകല്‍ പ്രഖ്യാപിച്ചപ്പോള്‍ ഏണ്ണത്തില്‍ കുറവില്ലെങ്കിലും മലയാള സിനിമയ്ക്കും അഭിമാനിക്കാന്‍ വകയുണ്ടായി.
മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മലയാളിയായ കീര്‍ത്തി സുരേഷ് മികച്ച നടിയായപ്പോള്‍ ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രി ശ്രീധരനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. പുരസ്‌കാര നേട്ടത്തില്‍ കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ ജോജു കേരളം നേരിടുന്ന മഴക്കെടുതിയെ ഒറ്റക്കെട്ടായി നിന്ന് നേരിടാമെന്നും പറഞ്ഞു.

“എല്ലാവര്‍ക്കും നന്ദി. നമ്മുടെ നാട് മറ്റൊരു പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ഒരു അവാര്‍ഡ് കിട്ടിയത്. ഞാനും വീടെത്തിയിട്ടില്ല. ബാംഗ്ലൂരിലാണ്. എയര്‍പോര്‍ട്ട് അടച്ചതിനാല്‍ ഇവിടെ പെട്ടുപോയി. എനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഒരുപാട് ആളുകള്‍ മെസേജ് അയക്കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി. നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നിന്ന് നമുക്ക് നേരിടാം.”

“ഈ സിനിമ എനിക്ക് നല്‍കിയ പപ്പേട്ടന് നന്ദി. എനിക്ക് വേഷങ്ങള്‍ തന്ന സംവിധായകരോടും എന്റെ മാതാപിതാക്കളോടും സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എന്റെ എല്ലാ ബന്ധങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി. നമ്മുടെ പ്രശ്‌നങ്ങള്‍ എല്ലാം അടങ്ങി ഒരു ദിവസം നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് കൂടി പൊളിക്കാം.” ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ജോജു പറഞ്ഞു.

Read more