CSK UPDATES: എങ്ങനെ ഇനി പ്ലേ ഓഫിലെത്താം, ചെന്നൈ സൂപ്പർ കിങ്സിന്റെ അവസാന റൗണ്ടിൽ എത്താനുള്ള സാധ്യതകൾ ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) സമീപകാല ഫോം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള അവരുടെ സാധ്യതകളിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട് . ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (കെ‌കെ‌ആർ) തോറ്റതിന് ശേഷം, ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റും -1.554 നെറ്റ് റൺ റേറ്റും ഉള്ള സി‌എസ്‌കെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് നിൽക്കുന്നത്. എട്ട് മത്സരങ്ങൾ ശേഷിക്കെ, ലീഗ് ഘട്ടത്തിന്റെ അവസാനത്തിൽ ആദ്യ നാലിൽ എത്താൻ സി‌എസ്‌കെക്ക് വലിയൊരു മുന്നേറ്റം നടത്തേണ്ടതുണ്ട്. സാധാരണയായി, ലീഗ് ഘട്ടത്തിന്റെ അവസാനത്തിൽ 16 പോയിന്റുള്ള ടീമുകൾ പ്ലേ ഓഫ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയുന്നതാണ് കണ്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ആദ്യ എട്ട് മത്സരങ്ങളിൽ ഏഴെണ്ണം തോറ്റെങ്കിലും പ്ലേഓഫിലേക്ക് യോഗ്യത നേടിയിരുന്നു. 14 പോയിന്റുമായി അവർ നാലാം സ്ഥാനത്ത് ആണ് അവർ പോരാട്ടം അവസാനിപ്പിച്ചത്. പക്ഷെ എല്ലാ സീസണിലും ഈ 14 പോയിന്റ് ഉള്ള ടീമുകൾ അടുത്ത റൗണ്ടിൽ എത്തില്ല എന്നും ശ്രദ്ധിക്കണം.

അത് കണക്കിലെടുക്കുമ്പോൾ, സിഎസ്‌കെയ്ക്ക് പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള ഒരു ബാഹ്യ സാധ്യതയുമുണ്ട്. എന്നിരുന്നാലും, അവർ ശേഷിക്കുന്ന മത്സരങ്ങളിൽ എല്ലാം വിജയിക്കുകയും മറ്റുള്ള ടീമുകളുടെ ഫലങ്ങൾ അനുകൂലമായി പോകുകയും ചെയ്യണം. ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും സി‌എസ്‌കെ വിജയിച്ചാൽ, 14 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി അവർ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കും. 14 പോയിന്റുമായി അവർ ഫിനിഷ് ചെയ്‌താലും, പ്ലേഓഫിലേക്ക് കടക്കാൻ ചില ഭാഗ്യങ്ങൾ കൂടി അനുകൂലമായാൽ അവർക്ക് സാധിക്കും.

അതേസമയം ഇന്നലെ നടന്ന പോരിൽ 103 റൺസ് മാത്രമാണ് ചെന്നൈക്ക് 20 ഓവറിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് നേടാനായത് . ശേഷം കൊൽക്കത്ത 11-ാം ഓവറിൽ തന്നെ സ്‌കോർ പിന്തുടർന്നു. പവർപ്ലേയിലെ ചെന്നൈയുടെ ബാറ്റിംഗ് ടെസ്റ്റ് കളിക്കുന്ന പോലെയായിരുന്നു എന്ന് പറയാം. മത്സരത്തിലെ തോൽവിക്ക് പിന്നാലെ ധോണി പറഞ്ഞത് ഇങ്ങനെ “നമ്മുടെ വഴിക്ക് പോകാത്ത നിരവധി രാത്രികളുണ്ട്. വെല്ലുവിളി ഉണ്ടായിരുന്നു, നമ്മൾ വെല്ലുവിളി സ്വീകരിക്കണം. ഇന്ന് നമുക്ക് ബോർഡിൽ ആവശ്യത്തിന് റൺസ് ഇല്ലെന്ന് എനിക്ക് തോന്നി,” തോൽവിക്ക് ശേഷം 43-കാരൻ പറഞ്ഞു.

“രണ്ടാം ഇന്നിംഗ്സിൽ ഞങ്ങൾ പന്തെറിഞ്ഞപ്പോൾ ഒന്നും ചെയ്യാനായില്ല. അവർക്ക് ആകട്ടെ നന്നായി ചെയ്യാനും സാധിച്ചു. ഞങ്ങളുടെ ആദ്യ ഇന്നിങ്ങ്സിൽ ഞങ്ങൾക്ക് നല്ല കൂട്ടുകെട്ടുകൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. പിന്നെ അവരുടെ സ്പിന്നർമാർ കൂടി ചേർന്നതോടെ ഞങ്ങൾ പുറൽകിൽ പോയി.”

ടോപ്പ് ഓർഡർ കൂടുതൽ ക്ഷമ കാണിക്കണമെന്നും ധോണി ഓർമിപ്പിച്ചു “സാഹചര്യങ്ങൾ കാണുക എന്നതാണ് പ്രധാനം, രണ്ട് മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. നിങ്ങളുടെ ശക്തികളെ പിന്തുണയ്ക്കുക, നിങ്ങൾക്ക് കളിക്കാൻ കഴിയുന്ന ഷോട്ടുകൾ കളിക്കുക. മറ്റാരെങ്കിലും കളിക്കുന്നതുപോലെയല്ല സാഹചര്യം നോക്കി കളിക്കുക. ഞങ്ങളുടെ ഓപ്പണർമാർ നല്ല ഓപ്പണർമാരാണ്, യഥാർത്ഥ ക്രിക്കറ്റ് ഷോട്ടുകൾ ആണ് അവർ കളിക്കുന്നത്.”

“സ്കോർകാർഡ് കണ്ട് നിരാശപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്. ഒരുപാട് വലിയ സ്കോർ ഒകെ ലക്ഷ്യമാക്കി ആ സമ്മർദ്ദത്തിൽ കളിച്ചാൽ അത് ദോഷം ചെയ്യും. തുടക്കത്തിൽ നല്ല കൂട്ടുകെട്ട് ഉണ്ടാക്കുക എന്നാണ് ടോപ് ഓർഡർ ചെയ്യേണ്ടത്. മിഡിൽ ഓവറിൽ വരുമ്പോൾ മധ്യനിര അത് മുതലെടുത്താൽ നല്ല സ്കോർ നേടാം.” ധോണി പറഞ്ഞു