അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പോയതാണ്; ക്യാമറമാൻ വേണുവിനെ കുറിച്ച് ജോജു ജോർജ്

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘പണി’ സിനിമയുടെ സെറ്റിൽ നിന്നും ക്യാമറമാൻ വേണുവിനെ പുറത്താക്കി എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ജോജുവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് ചെറിയ രീതിയിലുള്ള സംഘർഷത്തിലേക്കും മറ്റും പോയതിനെ തുടർന്ന് വേണുവിനെ പുറത്താക്കി എന്നായിരുന്നു വാർത്ത.

എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോജു ജോർജ്. വേണു സ്വന്തം ഇഷ്ടപ്രകരാം പോയതാണ് എന്നാണ് ജോജു പറയുന്നത്.

“വേണു സാറിനെ ഇവിടെ നിന്ന് ഒരാളും പുറത്താക്കിയിട്ടില്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പോയതാണ്. സാറിനോട് എനിക്കുള്ള ബഹുമാനം ഇപ്പോഴും അതുപോലെ തന്നെയുണ്ട് അതിൽ യാതൊരു തർക്കവുമില്ല. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ഇഷ്ടമുള്ള പടങ്ങളിൽ അഭിനയിച്ചു ജീവിച്ച് പോവുകയാണ്. എനിക്കിഷ്ടമുള്ള ഒരു കാര്യമാണ് സിനിമ ചെയ്യുന്നത് ഈ സിനിമയുടെ ഒരു പ്ലാൻ വന്നപ്പോൾ വേണു സാർ തന്നെയാണ് എന്നോട് ഇത് സംവിധാനം ചെയ്യാൻ പറഞ്ഞത്.

ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ല ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ ചെയ്യുന്നത് സിനിമയോടുള്ള പാഷൻ കൊണ്ടാണ് സിനിമകൾ ചെയ്യുന്നത്. എന്റെ സിനിമയുമായി ബന്ധപ്പെട്ട പലവിധ ആരോപണങ്ങളും മറ്റും  പലയിടത്തുന്നതായി പ്രചരിക്കുന്നതായി കാണുന്നു. ദയവായി പ്രേക്ഷകർ തെറ്റായ വാർത്തകൾ വിശ്വസിക്കരുത്” മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ജോജു പ്രതികരിച്ചത്.

Read more

തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാ സംഘത്തെ പറ്റിയുള്ള കഥയാണ് ‘പണി’ പറയുന്നത്. ജോജു ജോർജ് തന്നെയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.