അതല്ല സത്യം ; മോഹന്‍ലാലിന് ഒപ്പമുള്ള സിനിമാ വാര്‍ത്തകളില്‍ ജോഷി

മോഹന്‍ലാലിന് ഒപ്പ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ ജോഷി. പ്രചരിക്കുന്ന വാര്‍ത്ത അസംബന്ധമാണെന്നും ഇത്തരം കാര്യങ്ങള്‍ ആര് എഴുതിവിടുന്നതാണെന്ന് അറിയില്ലെന്നും ജോഷി പറഞ്ഞു. കാന്‍ മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ ‘റാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം ജോഷി ചിത്രം ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

‘ഇതൊക്കെ ആര് എഴുതി വിടുന്നതാണെന്ന് അറിയില്ല. എന്തായാലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. ചില കഥാരചനകള്‍ നടക്കുന്നുണ്ട്. അതാദ്യം എഴുതി പൂര്‍ത്തിയാക്കണം. ഇഷ്ടപ്പെടണം. അതിനൊക്കെ ശേഷമേ ഇത് സംബന്ധിച്ച എന്തെങ്കിലും സ്ഥിരീകരണം ഉണ്ടാകൂ.’- ജോഷി വ്യക്തമാക്കി.

‘ലൈല ഒ ലൈല’ എന്ന സിനിമയ്ക്കായാണ് മോഹന്‍ലാലും ജോഷിയും അവസാനമായി ഒന്നിച്ചത്. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് തിയേറ്ററുകളില്‍ വിജയം കൈവരിക്കാന്‍ സാധിച്ചില്ല. അമല പോള്‍ ആയിരുന്നു സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

Read more

നിലവില്‍ സുരേഷ് ഗോപി നായകനാകുന്ന ‘പാപ്പന്‍’ എന്ന സിനിമയാണ് ജോഷി സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയോടൊപ്പം സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആര്‍ ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.