'കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍' - ജൂഡ് ആന്റണിയുടെ മറുപടി ഇങ്ങനെ

തനിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച പ്രതാപ് പോത്തന് മറുപടിയുമായി ജൂഡ് ആന്റണി ജോസഫ്. പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ അതേ തരംതാണ ഭാഷയിലാണ് ജൂഡും മറുപടി എഴുതിയിരിക്കുന്നത്. പാര്‍വതി മമ്മൂട്ടി ചിത്രമായ കസബയ്‌ക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനമാണ് ഇപ്പോള്‍ പ്രതാപ് പോത്തന്‍ ജൂഡ് ആന്റണി പോരില്‍ എത്തിനില്‍ക്കുന്നത്.

ഇന്ന് രാവിലെയാണ് പ്രതാപ് പോത്തന്‍ ജൂഡിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. “ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള്‍ മാത്രമാണ് നീ”- ഇതായിരുന്നു പ്രതാപ് പോത്തന്റെ പോസ്റ്റ്. കുറച്ചു സമയങ്ങള്‍ക്ക് ശേഷം പ്രതാപ് പോത്തന്‍ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

“കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്” എന്നായിരുന്നു ഇതിന് ജൂഡിന്റെ തിരിച്ചുള്ള മറുപടി.

Read more

നടി പാര്‍വതി കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതോടെ മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പാര്‍വതിക്ക് നേരെ വന്‍തോതില്‍ ആക്രമണമുണ്ടായിരുന്നു. നടിയെ കുരങ്ങിനോട് താരതമ്യപ്പെടുത്തി ജൂഡ് പോസ്റ്റിട്ടത്തോടെ വാക്പോര് അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. “ഒഎംകെവി” എന്നായിരുന്നു ട്വിറ്ററിലൂടെ പാര്‍വതി ജൂഡിന് നല്‍കിയ മറുപടി. കൂടാതെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ പാര്‍വതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.