എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും കോടതിയിൽ ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.
കേസിലെ പതിനാറ് പ്രതികൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകൾ അനുസരിച്ച് കൊലപാതകം, വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ ഹംസയാണ് കേസിലെ പ്രധാന പ്രതി.
കേസിലെ പ്രധാന രേഖകൾ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനഃസൃഷ്ടിച്ചാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയിൽ നിന്ന് നഷ്ടമായത്.
Read more
2018 ജൂലൈ രണ്ടിന് ആയിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ അർജുനെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തൊട്ട് മുൻപത്തെ ദിവസമായിരുന്നു ആക്രമണം നടന്നത്.