പിഎച്ച്ഡി പ്രവേശനം നിഷേധിച്ചു; ബനാറസ് ഹിന്ദു സർവകലാശാലയിൽ ദലിത് വിദ്യാർത്ഥി നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക്

ബനാറസ് ഹിന്ദു സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് വൈസ് ചാൻസലറുടെ വസതിക്ക് മുന്നിൽ ദലിത് വിദ്യാർത്ഥി നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക്. ശിവം സോങ്കർ എന്ന വിദ്യാർത്ഥിയാണ് സീറ്റ് നിഷേധം ആരോപിച്ച് സമരത്തിലിരിക്കുന്നത്. വൈസ് ചാൻസലറുടെ വസതിക്ക് പുറത്താണ് ശിവം സോങ്കറിന്റെ പ്രതിഷേധ സമരം.

ബനാറസ് ഹിന്ദു സർവകലാശാലയിലെ ഡിപ്പാ‍ർട്ട്മെൻ്റ് ഓഫ് പീസ് ആൻ്റ് കോൺഫ്ലിക്റ്റ് ആറ് സീറ്റുകൾ പ്രഖ്യാപിച്ചിരുന്നുവെന്നും അതിൽ മൂന്നെണ്ണം ജെആർഎഫ് വിദ്യാ‌‌ർത്ഥികൾക്കായി നീക്കിവെച്ചിട്ടുണ്ടെന്നും ശിവം സോങ്കർ പറയുന്നു. മൂന്ന് സീറ്റുകൾ പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് സോങ്കർ വ്യക്തമാക്കി. എന്നാൽ അനുവദിച്ച സീറ്റുകൾ മൂന്നും ജനറൽ, ഒബിസി വിഭാ​ഗക്കാർക്കായാണ് അനുവദിച്ചിരിക്കുന്നത്.

പട്ടിക ജാതി സംവരണം സീറ്റുകളിൽ ഉണ്ടായിരുന്നില്ലായെന്നും വിദ്യാർത്ഥി ചൂണ്ടികാട്ടി. ജെആർഎഫ് വിഭാഗത്തിന് കീഴിലുള്ള മൂന്ന് സീറ്റുകൾ നികത്തുന്നതിൽ വകുപ്പ് പരാജയപ്പെട്ടെന്നും ഒഴിവുള്ള സീറ്റുകൾ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അനുവദിക്കാൻ സർവകലാശാലയ്ക്ക് വിവേചനാധികാരമുണ്ടായിട്ടും തൻ്റെ കാര്യത്തിൽ അത് ചെയ്തില്ലായെന്നും ശിവം സോങ്കർ പറയുന്നു.

അതേസമയം, പ്രവേശന അപേക്ഷ പുനഃപരിശോധിക്കുമെന്ന് ആക്ടിങ് വൈസ് ചാൻസലർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സർവ‌കലാശാലയിൽ പ്രവേശനം ലഭിക്കാതെ താൻ പ്രതിഷേധം അവസാനിപ്പിക്കില്ലായെന്ന് ശിവം സോങ്കർ അറിയിച്ചു. ജനറൽ, ഒബിസി വിഭാ​ഗക്കാ‍ർക്കായുള്ള രണ്ട് സീറ്റുകൾ മാത്രമെ ലഭ്യമായിരുന്നുള്ളുവെന്നും അതിൻ്റെ അ​ഡ്മിഷൻ പ്രക്രിയകൾ പൂർത്തിയായെന്നും സർവകലാശാലയുടെ പ്രസ്താവനയിൽ പറയുന്നു.

രണ്ടാം റാങ്ക് ലഭിച്ചതിനാലാണ് സോങ്കറിന് പ്രവേശനം നേടാൻ കഴിയാഞ്ഞതെന്ന് സർവകലാശാല അറിയിച്ചു. നിലവിൽ ശിവം സോങ്കറിൻ്റെ ആവശ്യങ്ങൾ അം​ഗീകരക്കാൻ കഴിയില്ലായെന്നും അവ പിഎച്ച്ഡി ചട്ടങ്ങൾക്ക് എതിരാണെന്നും സർവകലാശാലയുടെ വാദം.