'ആ ഉറക്കം കഴിഞ്ഞ് ഞാൻ നോർമലായി, ഭ്രാന്ത് ഉള്ളവരെ ഉറക്കാൻ കൊടുക്കുന്ന മരുന്നായിരുന്നു അത്; രസികന്റെ പരാജയം കൊണ്ടെത്തിച്ച അവസ്ഥ പറഞ്ഞ് ലാൽ ജോസ്

കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മലയാളികൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച പോലെ നിരവധി പരാജയങ്ങളും ലാൽ ജോസിന് സംഭവിച്ചിട്ടുണ്ട്. രസികൻ എന്ന സിനിമയുടെ പരാജയം തന്നെ മറ്റൊരു അവസ്ഥയിലേക്ക് കൊണ്ടുപോയി എന്ന് പറയുകയാണ് ലാൽ ജോസ്.

സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു സംസാരിച്ചത്. സിനിമയുടെ പറയത്തിനു ശേഷം താൻ ഡിപ്രഷനിലേക്ക് പോയതും അതിനെ അതിജീവിച്ചതിനെയും കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ദിവസങ്ങളോളം തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്നും ഒരു വൈദ്യന്റെ ചികിത്സയാണ് സഹായിച്ചതെന്നും അല്ലെങ്കിൽ പ്രശ്നമായേനെ എന്നും അദ്ദേഹം പറഞ്ഞു.

‘രസികൻ’ തീയേറ്ററിൽ പരാജയപ്പെട്ട ശേഷം വീട്ടിലേക്ക് പോകുന്നത് വല്ലാത്തൊരു അവസ്ഥയിലാണ്. ഞാൻ വിചാരിച്ചു എന്റെ കരിയർ തീർന്നു. മീശ മാധവൻ എന്ന വലിയൊരു ഹിറ്റ് കിട്ടി, അത് കഴിഞ്ഞു പട്ടാളം പരാജയപ്പെട്ടു, രസികൻ പരാജയപ്പെട്ടു. ഇനി ഞാൻ എന്താ ചെയ്യുക എന്നറിയില്ല. തിരിച്ച് വീട്ടിലെത്തി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഭാര്യ ലീന ഒരു കാര്യം ശ്രദ്ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല’

‘പകൽ ടിവിയൊക്കെ കണ്ടിരിക്കും, രാത്രി ഒരു ഉറക്കം കഴിഞ്ഞ് ഭാര്യ എഴുന്നേറ്റ് നോക്കുമ്പോൾ എല്ലാം ഞാൻ കണ്ണുതുറന്ന് കിടക്കുകയാണ്. പക്ഷേ ഞാൻ അറിയുന്നില്ല ഞാൻ ഉറങ്ങിയിട്ടില്ല എന്ന വിവരം. രണ്ടു ദിവസം കഴിഞ്ഞ് ലീന എന്റെ അപ്പച്ചനെ വിളിച്ചു ഇക്കാര്യം പറഞ്ഞു.അപ്പച്ചൻ എന്നെയും കൂട്ടി ഒറ്റപ്പാലത്തെ വേലായുധൻ വൈദ്യരുടെ അടുത്ത് കൊണ്ടുപോയി. തലയിൽ തേക്കാൻ ഒരു എണ്ണയും പാലിൽ ചേർത്ത് കഴിക്കാൻ ഒരു ചൂർണവും തന്നു. എന്നിട്ട് ‘ഉറങ്ങട്ടെ, വിളിച്ച് എഴുന്നേൽപ്പിക്കണ്ട എഴുന്നേൽക്കുമ്പോൾ എഴുന്നേറ്റാൽ മതി എന്നും പറഞ്ഞു.

ഒരു രാത്രി കഴിഞ്ഞും എഴുന്നേൽക്കാതെ കിടക്കുകയാണെങ്കിൽ കഞ്ഞിവെള്ളം സ്പൂണിലൂടെ വായിലേക്ക് ഒഴിച്ച് കൊടുക്കണം ഇല്ലെങ്കിൽ ഡീഹൈഡ്രേഷൻ ഉണ്ടാകുമെന്നും വൈദ്യർ പറഞ്ഞു. അടുത്ത 48 മണിക്കൂർ ഞാൻ ഉറക്കമാണ്. അവർ അടുത്തിരുന്ന് കഞ്ഞിവെള്ളം എനിക്ക് ഒഴിച്ച് തരും. ആ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ഞാൻ നോർമലായി. വൈദ്യരെ ഞാൻ വീണ്ടും പോയി കണ്ടു. ആ ചൂർണം കുറച്ചു കിട്ടാൻ മാർഗ്ഗമുണ്ടോ? ആ ചൂർണം പരിപാടി കൊള്ളാം. കുറച്ചു കിട്ടിയാൽ ഉറക്കം വരാത്തപ്പോൾ കഴിക്കാമല്ലോ എന്ന് പറഞ്ഞു.

അപ്പോൾ ‘അത് വേണ്ട, അതിനോട് ഒരു ആസക്തി തോന്നും. അതിലുള്ള ഇൻഗ്രീഡിയൻറ്സ് അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു. ‘എടാ പൊട്ടാ ഇത് ഭ്രാന്തന്മാരെ മയക്കാൻ വേണ്ടി കൊടുക്കുന്ന മരുന്നാണ് അത്. നിനക്കു അതിന്റെ തുടക്കമായിരുന്നു. ഉറക്കം കിട്ടിയില്ലായിരുന്നെങ്കിൽ നിനക്ക് പ്രശ്നമായേനെ എന്നുമേധം പറഞ്ഞു.

Read more

‘അപ്പോഴാണ് ഞാൻ മനസിലാക്കുന്നത് ഡിപ്രഷൻ ആയിരുന്നു എനിക്ക്, ഡിപ്രഷൻ അങ്ങനെ മുന്നോട്ട് പോയിരുന്നുവെങ്കിൽ അപകടമാകുമായിരുന്നു. അദ്ദേഹത്തിന്റെ നുറുങ്ങു വിദ്യ കൊണ്ട് നല്ല ഉറക്കം കിട്ടിയത് കൊണ്ട് രക്ഷപ്പെട്ടതാണ് എന്ന് മനസിലാക്കിയത്. രസികന്റെ പരാജയം എന്നെ ആ ഒരു ലെവലിലേക്ക് കൊണ്ടുപോയി’ എന്നും ലാൽ ജോസ് പറഞ്ഞു.