ഇങ്ങനെ പ്രചരിപ്പിക്കുന്നതില്‍ ഒരുപാട് നന്ദി ഉണ്ട്.. മലയാള സിനിമയെ നശിപ്പിക്കുന്നു; ഞെട്ടിക്കുന്ന വീഡിയോകളുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമയുടെ വ്യാജ പതിപ്പ് കാണുന്നതിന്റെ വീഡിയോകള്‍ പങ്കുവച്ചു കൊണ്ടാണ് ലിസ്റ്റിന്റെ പോസ്റ്റ്. ‘നന്ദി ഉണ്ട്, ഇന്ന് 50 കോടി ക്ലബ്ബിലേക്ക് കയറാന്‍ പോകുന്ന ചിത്രമാണിത്’ എന്ന് പറഞ്ഞു കൊണ്ടാണ് ലിസ്റ്റിന്‍ വീഡിയോകള്‍ പങ്കുവച്ചിരിക്കുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ കുറിപ്പ്:

നന്ദി ഉണ്ട്….ഇങ്ങനെ പ്രചരിപ്പിക്കുന്നത്തില്‍ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബില്‍ കയറാന്‍ പോകുന്ന സിനിമയുടെ അവസ്ഥയാണ്. വീട്ടില്‍ ഇരുന്ന് തിയറ്റര്‍ പ്രിന്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റും ചെയ്യുന്നു.

150 ദിവസങ്ങള്‍ക്ക് മേലെ ഷൂട്ടിങ്, ഒന്നര വര്‍ഷത്തെ പോസ്റ്റ് പ്രൊഡക്ഷന്‍, 8 വര്‍ഷത്തെ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സ്വപ്നം, ഇന്‍വസ്റ്റ് ചെയ്ത നിര്‍മാതാക്കള്‍, നൂറിലധികം വരുന്ന ടീമിന്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതല്‍ ആയി വേറെ എന്തു പറയാനാ…ഈ നേരവും കടന്നു പോവും.

കേരളത്തില്‍ 90 ശതമാനം ‘എആര്‍എം’ കളിക്കുന്നതും 3D ആണ്, നൂറ് ശതമാനം തിയറ്റര്‍ എക്‌സ്പീരിയന്‍സ് അനുഭവിക്കേണ്ട സിനിമയാണ് , ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്.

Nb: കുറ്റം ചെയ്യുന്നതും, ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ്.

അതേസമയം, ഒരു ട്രെയിന്‍ യാത്രികന്‍ മൊബൈലില്‍ ഇതേ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങള്‍ സംവിധായകന്‍ ജിതിന്‍ ലാലും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വ്യാജ പതിപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.