മരക്കാര്‍ കണ്ടു, ചില അപാകതകള്‍ കണ്ടില്ലെന്ന് നടിക്കണം, നല്ല തിരക്കഥയാണ് ആവശ്യം, മമ്മൂട്ടിയെ നായകനാക്കി മരക്കാറുടെ ചരിത്രം സിനിമയാക്കണം'; എം. എ നിഷാദ്

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ എംഎ നിഷാദ്. ചിത്രത്തെ, ഇതൊരു ചരിത്രസിനിമയല്ല. സംവിധായകന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് പ്രിയദര്‍ശന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഈ കാലഘട്ടത്തില്‍ കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയുമെന്നും, അതിനായി സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചരിത്രസിനിമ ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എം എ നിഷാദിന്റെ വാക്കുകള്‍:

‘മരക്കാര്‍ കണ്ടു. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍, നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍. സിദ്ധാര്‍ഥ് പ്രിയദര്‍ശനും, ഛായാഗ്രഹകന്‍, തിരുവും, സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും, പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റ്‌റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റ്റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ.

ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ.. കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്. ഈ കാലഘട്ടത്ത് കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്റ്റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. ഞാന്‍ വീണ്ടും പറയുന്നു. നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവന്‍ ആ കാര്യത്തില്‍ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും…നല്ലത്’.