ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യൻസ് 12 റൺസിന് തോറ്റതിന്റെ എല്ലാ ഉത്തരവാദിത്തവും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ സ്വയം ഏറ്റെടുത്തു. ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ടീമിന് 22 റൺസ് വേണ്ടിയിരുന്നെങ്കിലും ആവേശ് ഖാന്റെ ബൗളിംഗിൽ ഹാർദികും മിച്ചൽ സാന്റ്‌നറും ചേർന്ന് 9 റൺ മാത്രമാണ് നേടിയത്. 16 പന്തിൽ നിന്ന് ഹാർദിക് പുറത്താകാതെ 28 റൺസ് നേടി. 18-ാം സീസണിൽ മുംബൈയുടെ മൂന്നാമത്തെ തോൽവിയാണിത്, വീണ്ടും, ബാറ്റർമാർ നടത്തിയ ഉത്തരവാദിത്വമില്ലാത്ത പ്രകടനമാണ് ടീമിന്റെ പരാജയത്തിന് കാരണം.
സൂര്യകുമാർ യാദവ് (67), നമൻ ധീർ (46) എന്നിവർ മുംബൈക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തത് ആയിരുന്നു, പക്ഷേ അവരുടെ പുറത്താകൽ മത്സരം വിജയിക്കുമെന്ന പ്രതീക്ഷ അവസാനിപ്പിച്ചു. രോഹിത് ശർമ്മയുടെ അഭാവത്തിൽ മുംബൈ വിൽ ജാക്‌സും റയാൻ റിക്കിൾട്ടണും ചേർന്ന് ഓപ്പണർമാരായി ഇറങ്ങി, എന്നാൽ രണ്ട് വിദേശ കളിക്കാരും നിരാശയാണ് സമ്മാനിച്ചത്.
എന്തായാലും “ഞങ്ങളുടെ ബൗളിംഗിൽ ഞങ്ങൾ 10-15 റൺസ് അധികമായി വിട്ടുകൊടുത്തു,” അദ്ദേഹം പറഞ്ഞു. തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തെക്കുറിച്ചും പാണ്ഡ്യ അഭിപ്രായപ്പെട്ടു. “എനിക്ക് ബൗളിംഗ് ഇഷ്ടമാണ്. മറ്റധികം ഓപ്ഷനുകളില്ല. ബാറ്റ്സ്മാന്മാരിൽ സമ്മർദ്ദം സൃഷ്ടിക്കാൻ ഡോട്ട് ബോളുകൾ എറിയുക എന്നതാണ് എന്റെ ജോലി,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾക്ക് ചില കുറവുകൾ സംഭവിച്ചു. പക്ഷേ പേരുകൾ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. തിലക് വർമ്മ റൺസ് നേടാത്തതിനാൽ ഞങ്ങൾ അദ്ദേഹത്തെ റിട്ടയേർഡ് ഔട്ട് ആക്കാൻ തീരുമാനിച്ചു. ഇതൊക്കെ ആർക്കും സംഭവിക്കാവുന്ന കാര്യമാണ്. ഞങ്ങൾക്ക് റൺസ് ആവശ്യമായിരുന്നു, അതിനാൽ തിലകിന് പകരക്കാരനായി മിച്ചൽ സാന്റ്നറെ അയച്ചു. ഞങ്ങൾ മികച്ചതും ആക്രമണാത്മകവുമായ ക്രിക്കറ്റ് കളിക്കേണ്ടിവരും. ഞങ്ങളുടെ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.