വ്യവസായി ഗോകുലം ഗോപാലന്റെ കീഴിലുള്ള ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിവിധ സിനിമയിലടക്കം കോടികള്‍ നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് ഇഡി പറയുന്നത്. ശ്രീ ഗോകുലം ചിറ്റ്‌സില്‍ പ്രവാസികളില്‍നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചുവെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഈ കണ്ടെത്തെലുകളെ തുടര്‍ന്നാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചെന്നൈയിലെ ഓഫിസിലെത്തിച്ചത്. കോടമ്പാക്കത്തെ ഓഫിസിലാണ് അദ്ദേഹത്തെ എത്തിച്ചത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് എത്രയും വേഗം ഗോകുലം ഗോപാലനോട് ചെന്നൈയിലെത്താന്‍ ഇഡി. ആവശ്യപ്പെട്ടത്. കോഴിക്കോട്ടുനിന്ന് ഇഡി ഉദ്യോഗസ്ഥനൊപ്പമാണ് ഗോകുലം ഗോപാലന്‍ ചെന്നൈയിലെത്തിയത്.
രാത്രി വൈകിയും ഇഡി ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. ഗോകുലം ചിട്ടിയിടപാടുകളുമായി ബന്ധപെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022 ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തികയിടപാടുകളും പരിശോധിക്കുന്നുണ്ട്.
ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. ഇന്നലെ ഗോപാലന്റെ മകന്‍ ബൈജു ഗോപാലനില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ച് ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന. ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.
കുറച്ച് ദിവസം മുന്‍പ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപം വന്നു. ആ തുക എവിടെ നിന്നാണ് വന്നത്, ഒരാളില്‍ നിന്നാണോ തുക വന്നതെന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചോദിച്ചതെന്നാണ് പ്രാഥമിക വിവരം. വിദേശ നാണയ വിനിമയചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഗോപാലനെതിരെ മുമ്പ് ഉണ്ടായിരുന്ന ആദായ നികുതി കേസുകളുടെ തുടര്‍ച്ചയാണ് പരശോധനയും ചോദ്യം ചെയ്യലും എന്നാണ് ഇ.ഡിയുടെ വിശദീകരണം.
Read more
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എല്‍.എ), വിദേശനാണ്യ വിനിമയച്ചട്ടം എന്നിവയുടെ ലംഘനം നടന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ, കൊച്ചി യൂനിറ്റുകളില്‍നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തിയത്. 2023 ഏപ്രിലില്‍ കൊച്ചിയിലെ ഓഫിസില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.