എന്റെ കുഞ്ഞ് കൈമടക്ക് വാങ്ങിയിട്ടില്ല, മമ്മൂട്ടി മെസേജ് അയച്ച് ആശ്വസിപ്പിച്ചു.. മോഹന്‍ലാല്‍ പോസ്റ്റിട്ടാല്‍ ഷെയര്‍ ചെയ്യേണ്ടത് മര്യാദയാണ്: മല്ലിക സുകുമാരന്‍

‘എമ്പുരാന്‍’ വിവാദങ്ങളില്‍ പ്രതികരിച്ച് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ ഒരു നീണ്ട കുറിപ്പ് പങ്കുവച്ചു കൊണ്ടാണ് മല്ലിക പ്രതികരിച്ചത്. പൃഥ്വിരാജിനെ മാത്രം ടാര്‍ഗറ്റ് ചെയ്ത് കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിനെതിരെയാണ് മല്ലിക കുറിപ്പ് പങ്കുവച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പ് കണ്ട് നടന്‍ മമ്മൂട്ടി ആശ്വസിപ്പിച്ചിരുന്നു എന്നാണ് മല്ലിക ഇപ്പോള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടി മെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ല. മറ്റാരും മെസേജ് അയച്ചില്ല.

പൃഥിരാജിന് ആരെയെങ്കിലും ചതിക്കുന്നതിന്റെയോ ഒരു പ്രസ്ഥാനത്തില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നോ പൈസ വാങ്ങേണ്ടതിന്റെയോ ആവശ്യമില്ല. അങ്ങനെ ജീവിക്കാന്‍ പാടില്ല, അധ്വാനിച്ച് പൈസ ഉണ്ടാക്കിതന്നെ ജീവിക്കണമെന്ന പക്ഷക്കാരിയാണ് ഞാന്‍. എന്റെ കുഞ്ഞ് ഒരുത്തന്റെ കൈയില്‍ നിന്നും കൈമടക്ക് വാങ്ങില്ലെന്ന് 100 ശതമാനം ഉറപ്പുണ്ട്.

അങ്ങനെയല്ലെന്ന് തെളിയിക്കട്ടെ ആരെങ്കിലും. പൃഥിരാജിനെതിരായ ആരോപണമല്ല, ഇതെല്ലാം പറയാന്‍ ആരോ പണം കൊടുത്തിരിക്കുകയാണ്. എമ്പുരാന്റെ ഫിലിം മേക്കര്‍ പൃഥിരാജല്ല. ഫിലിം മേക്ക് ചെയ്യണമെന്ന് പറഞ്ഞ് കാശുള്ളവര്‍ പൃഥിരാജിനെ വിളിച്ചു. സംവിധാനം ചെയ്യണം, ലൂസിഫറിന്റെ രണ്ടാം ഭാഗം എടുക്കണമെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ വലിയ അവസരം പരമാവധി വിനിയോഗിച്ചു.

തിരക്കഥ എഴുതിയയാളും പണം മുടക്കുന്നയാളും മോഹന്‍ലാലുമായും എത്രയോ ആഴ്ചകള്‍ ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. പൃഥിരാജ് ചതിച്ചു എന്നാണ് ആരോപണം. ചതിച്ചിട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ക്കും കൂടെ നിന്നവര്‍ക്കും അറിയം. എന്തിനാണ് പൃഥിരാജിന്റെ നേരെ അമ്പെയ്യുന്നത്. മോഹന്‍ലാല്‍ ഒരു പോസ്റ്റിട്ടാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അത് ഷെയര്‍ ചെയ്യേണ്ടത് ഒരു മര്യാദയാണ് എന്നാണ് മല്ലിക പറയുന്നത്.

Read more