സിനിമയില്‍ എത്തുന്നതിന് മുമ്പ് താന്‍ ഡോക്ടര്‍ ആവാനാണ് ആഗ്രഹിച്ചിരുന്നതെന്ന് നടി മമിത ബൈജു. കുട്ടിയായിരുന്നപ്പോഴേ പപ്പയുടെ ക്ലിനിക്കില്‍ പോവാറുണ്ടെന്നും വലുതായാല്‍ മരുന്ന് കൊടുത്ത് തുടങ്ങാമെന്നുമായിരുന്നു താന്‍ കരുതിയത്. പിന്നെയാണ് ഡോക്ടര്‍ ആവണമെങ്കില്‍ പഠിക്കണം എന്ന് മനസിലാകുന്നത് എന്നാണ് മമിത വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
”കുഞ്ഞായിരുന്നപ്പോഴേ ഞാന്‍ പപ്പയുടെ ക്ലിനിക്കില്‍ പോയിരിക്കും. അവിടെ വരുന്നവര്‍ക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. ‘കുട്ടി ഡോക്ടര്‍’ എന്നാണ് അവര്‍ വിളിച്ചിരുന്നത്. അന്നൊക്കെ ഞാന്‍ വിശ്വസിച്ചിരുന്നത് ഞാനും ഡോക്ടര്‍ ആണെന്നാണ്. കുറച്ചുകൂടി മുതിര്‍ന്നാല്‍ എനിക്കും രോഗികളെ പരിശോധിക്കാമെന്നും മരുന്ന് കൊടുക്കാമെന്നുമൊക്കെ കരുതി.”
”പിന്നീടാണ് ഡോക്ടറാവാന്‍ പഠിക്കണമെന്നൊക്കെ മനസിലാവുന്നത്. അപ്പോഴും ഡോക്ടറാവാന്‍ തന്നെയായിരുന്നു താത്പര്യം. രോഗം ഭേദമായ പലരും വന്ന് അച്ഛനോട് നന്ദി പറയുന്നതും ഇമോഷണലായി സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ഈ ജോലിക്ക് സേവനമുഖം കൂടിയുണ്ടല്ലോ അതും ആകര്‍ഷിച്ചു.”
”മാത്രമല്ല മെഡിക്കല്‍ പിജിക്ക് പഠിക്കേണ്ട വിഷയങ്ങള്‍ പോലും ഞാന്‍ കണ്ടുവച്ചു. പക്ഷേ, വിധിച്ചത് അതല്ലായിരുന്നു. ഓര്‍ക്കുമ്പോള്‍ ഈ ജീവിതമൊരു ഭാഗ്യമായാണ് തോന്നുന്നത്. എന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ടതിന്റെ ഫലം. പക്ഷേ, ഈ ഗ്ലാമറൊക്കെ ശാശ്വതമാണെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍” എന്നാണ് മമിത പറയുന്നത്.
അതേസമയം, റിബല്‍ എന്ന തമിഴ് ചിത്രമാണ് മമിതയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. പ്രേമലു എന്ന ഹിറ്റ് ചിത്രമാണ് മമിത ഒടുവില്‍ വേഷമിട്ട മലയാള സിനിമ. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും മമിത പ്രവര്‍ത്തിച്ചിട്ടുണ്ട്. കൃതി ഷെട്ടിയുടെ കഥാപാത്രത്തിനാണ് മമിത ഡബ്ബ് ചെയ്തത്.