ഇന്ത്യൻ സിനിമയിലെ ഇന്റർനാഷണൽ സംവിധായകൻ അദ്ദേഹമാണ്, അദ്ദേഹത്തിന്റെ ഓരോ സിനിമകളും ഓരോ ടെക്സ്റ്റ്ബുക്കുകളാണ്: ജോഷി

മലയാളത്തിലെ ഹിറ്റ് മേക്കറിൽ ഒരാളാണ് ജോഷി. എസ്. എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ 1978-ൽ പുറത്തിറങ്ങിയ ‘ടൈഗർ സലിം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ജോഷി മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീ കലൂർ ഡെന്നിസിന്റെയും ഡെന്നിസ് ജോസഫിന്റെയും തിരക്കഥയിൽ നിരവധി ചിത്രങ്ങൾ ജോഷി മലയാളത്തി സമ്മാനിച്ചു.
1987-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ന്യൂ ഡൽഹി’യിലൂടെയാണ് ജോഷി മലയാളത്തിൽ മാസ് സിനിമകൾക്ക് മറ്റൊരു പരിവേഷം നൽകുന്നത്.

മമ്മൂട്ടിയെ സൂപ്പർ താര പദവിലയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രം കൂടിയായിരുന്നു ന്യൂഡൽഹി. പിന്നീട് നാടുവാഴികൾ, മഹായാനം, നമ്പർ 20 മദ്രാസ് മെയിൽ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, കുട്ടേട്ടൻ, കൗരവർ, ധ്രുവം, സൈന്യം,ലേലം, വാഴുന്നോർ, പത്രം, റൺവേ, നരൻ, ട്വെന്റി-20, റോബിൻഹുഡ്, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, റൺ ബേബി റൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകളാണ് ജോഷി മലയാളത്തിന് സമ്മാനിച്ചത്.

ജോജു ജോർജിനെ നായകനാക്കി 2023-ൽ പുറത്തിറങ്ങിയ ‘ആന്റണി’യായിരുന്നു ജോഷിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനാവുന്ന ‘റമ്പാൻ’ ആണ് ജോഷിയുടെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ മണിരത്നത്തിനെ കുറിച്ച് സംസാരിക്കുകയാണ് ജോഷി. ഇന്റർനാഷണൽ ലെവലിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയുള്ള സംവിധായകനാണ് മണിരത്നമെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമകളും ഓരോ ടെക്സ്റ്റ് ബുക്കുകൾ ആണെന്നും ജോഷി പറയുന്നു.

“സ്നേഹ ബന്ധത്തിൻ്റെ പേരിലല്ല മണിരത്നത്തെക്കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞത്. അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഏക സംവിധായകൻ മണിരത്നം മാത്രമേയുള്ളൂ. ‘പൊന്നിയൻ സെൽവൻ’ മാത്രം കണ്ടാൽ മതി. എന്തൊരു ബ്രില്യൻ്റായാണ് അദ്ദേഹം അത് നിർവഹിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ ഓരോ ചിത്രത്തിലൂടെയും സഞ്ചരിച്ചാൽ അദ്ദേഹത്തിൻ്റെ സിനിമകളെല്ലാം ഓരോ ടെക്സ്റ്റ്ബുക്കുകളാണെന്ന് ബോധ്യപ്പെടും

ഇന്ത്യയിലെ സകല ഡയറക്‌ടർമാരുടെയും ലൈബ്രറികളിൽ കാണും മണിരത്നത്തിൻറെ സിനിമകൾ. ‘ഇരുവർ’ എന്ന ക്ലാസ് മൂവി തന്നെയെടുക്കുക, മോഹൻലാൽ എന്ന നടൻ്റെ അഭിനയജീവിതത്തിൽ ഇങ്ങനെയൊരു കഥാപാത്രം വേറെയില്ല.

മണിരത്നത്തിൻ്റെ ജീവിതവും സിനിമയും പറയുന്ന പുസ്‌തകം എന്റെ മകൻ അഭിലാഷ് ജോഷി പോലും സൂക്ഷിച്ചിട്ടുണ്ട്. എല്ലാവരുടെയും റോൾ മോഡലാണ് മണിരത്നം. മറ്റൊരാൾക്കും അത് അവകാശപ്പെടാനാവില്ല.” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിനോട് നൽകിയ അഭിമുഖത്തിൽ ജോഷി പറഞ്ഞത്.