വെള്ളിമൂങ്ങ ഉള്‍പ്പെടെയുള്ള ആ സിനിമകള്‍ വേണ്ടെന്ന് വച്ചു, പത്തു വര്‍ഷത്തിനിടെ ചെയ്തത് അഞ്ച് സിനിമകള്‍; കാരണം പറഞ്ഞ് മഞ്ജു പിള്ള

ഹോം സിനിമയിലെ കുട്ടിയമ്മ ആണ് നടി മഞ്ജു പിള്ളയുടെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്ത് സജീവമാണ് മഞ്ജു. പല സിനിമകളും നല്ല കഥാപാത്രങ്ങളും ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ തുറന്നു പറയുന്നത്.

തനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടു പേരും ബിസിയായാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്‍പര്യം തനിക്കില്ലായിരുന്നു.

ശ്രീബാല ചെയ്ത ലൗ 24*7ല്‍ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളു. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, എം.പി സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്‌മാന്റെ കളിയച്ഛന്‍ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ചെയ്തിട്ടുള്ളൂ.

ഡേവിഡ് ആന്‍ഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉള്‍പ്പടെ വേണ്ടെന്ന് വച്ചു. മകള്‍ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. താന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു എന്നാണ് മഞ്ജു ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.