മലയാളത്തില്‍ ഗ്യാപ്പിട്ട് മഞ്ജു വാര്യര്‍.. കാരണം പരാജയമോ? പ്രതികരിച്ച് താരം

സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ മലയാളം സിനിമയിലെ നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ‘ഹൗ ഓള്‍ഡ് ആര്‍ യു’ ചിത്രത്തിലെ നിരുപമ രാജീവിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇതുവരെ എത്തിയ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ പലതും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.

മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യരുടെ മലയാള സിനിമകള്‍ മിക്കതും ഫ്‌ളോപ്പ് ആയിരുന്നു. എന്നാല്‍ അന്യഭാഷാ സിനിമകളില്‍ താരം തിളങ്ങിയിരുന്നു. 2023 ജനുവരിയില്‍ പുറത്തിറങ്ങിയ ‘ആയിഷ’യാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മഞ്ജുവിന്റെ മലയാള സിനിമ. ഈയൊരു ഗ്യാപ്പിന്റെ കാരണമാണ് മഞ്ജു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”തമിഴ് സിനിമകളില്‍ ബോധപൂര്‍വം ഫോക്കസ് ചെയ്യുന്നതല്ല, അറിഞ്ഞോ അറിയായെയോ തമിഴില്‍ നിന്നാണ് നല്ല പ്രോജക്ട് വന്നത്. എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് ഒരേ സമയത്തായിരുന്നു. കുറച്ച് നാള്‍ തമിഴ് സിനിമയുടെ ഷൂട്ടിംഗില്‍ തന്നെയായിരുന്നു. മിസ്റ്റര്‍ എക്സ് എന്നൊരു സിനിമയുണ്ട്.”

”മനു ആനന്ദാണ് സംവിധായകന്‍. ആര്യയാണ് അഭിനയിക്കുന്നത്. വെട്രിമാരന്‍ സാറിന്റെ കൂടെ വിടുതലൈ 2 ചെയ്തു. വിജയ് സേതുപതിയാണ് അഭിനയിക്കുന്നത്. പിന്നെ രജനിസാറിന്റെ വേട്ടൈയാന്‍. എമ്പുരാന്റെ ഷൂട്ടിംഗും നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ കുറച്ച് ഭാഗങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. ഇനി ബാക്കി ഭാഗങ്ങള്‍ കൂടിയുണ്ട്” എന്നാണ് മഞ്ജു പറയുന്നത്.

അതേസമയം, വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യ ആയാണ് താന്‍ അഭിനയിക്കുന്നതെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ചിത്രത്തില്‍ രജിനികാന്ത് എന്ന സ്റ്റാര്‍ഡം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനോടൊപ്പം തന്നെ ജയ് ഭീം സിനിമയുടെ സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രത്തില്‍ ക്വാളിറ്റിയും കൂടി ഉണ്ടാകുമെന്നും മഞ്ജു വ്യക്തമാക്കുന്നുണ്ട്.