മാത്തുക്കുട്ടി അവിടെ ചെന്നപ്പോള്‍ മുത്തുക്കുട്ടി ആയി, നോബിള്‍ ബാബു നൊബിള്‍ ബബുവും; ദേശീയ അവാര്‍ഡ് വേദിയിലെ തമാശകള്‍ പങ്കുവെച്ച് സംവിധായകന്‍

ദേശീയ അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും നടന്‍ നോബിള്‍ തോമസും. ഹെലന്‍ സിനിമയിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരമാണ് മാത്തുക്കുട്ടിക്ക് ലഭിച്ചത്. അവാര്‍ഡ് സ്വീകരിക്കാന്‍ പോയപ്പോഴുണ്ടായ തമാശകളാണ് സംവിധായകന്‍ പറയുന്നത്.

വളരെ വലിയൊരു അനുഭവമായിരുന്നു. മുന്‍നിരയില്‍ തന്നെ ആയിരുന്നു സീറ്റ്. രജനീകാന്ത് സര്‍ ഒരു വശത്ത്. വിജയ് സേതുപതി സാര്‍ ഇപ്പുറത്ത്. പ്രിയദര്‍ശന്‍ സാര്‍ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. കുറേപേര്‍ ഉണ്ടായിരുന്നു. ധനുഷ് ഒക്കെ  ഉണ്ടായിരുന്നു എന്നാണ് നടനും ഹെലന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ നോബിള്‍ പറയുന്നത്.

അവാര്‍ഡ് സ്വീകരിക്കാന്‍ വേണ്ടി വേദിയിലേയ്ക്ക് ക്ഷണിച്ച സമയത്ത് തങ്ങളുടെ പേരുകള്‍ ഉച്ചരിച്ചതിനെ കുറിച്ചാണ് മാത്തുക്കുട്ടിയും നോബിളും പറയുന്നത്. അവിടെ ചെന്നാല്‍ മാത്തുക്കുട്ടിയെ എല്ലാവരും വിളിക്കുന്നത് മുത്തുക്കുട്ടി എന്നാണെന്ന് നോബിള്‍ പറയുന്നു.

നോബിള്‍ ബാബു തോമസ് എന്ന പേര് നൊബിള്‍ ബബു എന്നാണ് അവിടെ എല്ലാവരും വിളിച്ചത് എന്ന് മാത്തുക്കുട്ടി പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും പ്രതികരിച്ചത്. മാത്തുക്കുട്ടിയും നോബിളും ആല്‍ഫ്രഡും ചേര്‍ന്നാണ് ഹെലന്റെ തിരക്കഥ എഴുതിയത്.