ഇറങ്ങാന്‍ നേരത്ത് വേണുച്ചേട്ടന്‍ പറഞ്ഞു, 'ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിയ്ക്ക് ഞാന്‍ മൃദംഗം വായിക്കും കേട്ടോ': എം.ജി ശ്രീകുമാര്‍

അതുല്യകലാകാരന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വികാരഭരിതമായ കുറിപ്പുകളുമായാണ് മലയാള സിനിമാതാരങ്ങള്‍ പ്രതികരിക്കുന്നത്. നെടുമുടി വേണുമായുള്ള 55 വര്‍ഷത്തെ ആത്മബന്ധത്തെ കുറിച്ചാണ് ഗായകന്‍ എം.ജി ശ്രീകുമാര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച അമൃത ചാനലില്‍ എത്തിയ ഷോയില്‍ വരെ തങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നുവെന്നാണ് ഗായകന്‍ പറയുന്നത്.

”55 വര്‍ഷത്തെ അടുത്ത ആത്മബന്ധം. തുടക്കം മുതല്‍ ഒടുക്കം വരെ ഒരുപാട് സ്നേഹം നല്‍കിയ ഒരത്ഭുത പ്രതിഭാശാലി. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘പൂരം’ (സംവിധാനം) എന്ന ചിത്രം മുതല്‍ കഴിഞ്ഞ ആഴ്ച അമൃത ടിവിയില്‍ പറയാം നേടാം എന്ന ഷോയില്‍ വരെ ഞങ്ങള്‍ പങ്കെടുത്തു.”

”ഒരുപാട് ഓര്‍മകള്‍ പങ്കുവെച്ചു. ഇറങ്ങാന്‍ നേരത്ത് വേണുച്ചേട്ടന്‍ പറഞ്ഞു, ‘ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിയ്ക്ക് ഞാന്‍ മൃദംഗം വായിക്കും കേട്ടോ,’ മഹാപ്രതിഭയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു” എന്നാണ് എം.ജി ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.