കിരീടവും ചെങ്കോലും.. ഏറ്റവും അടുത്ത സുഹൃത്ത്, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍; അനുസ്മരിച്ച് മോഹന്‍ലാല്‍

അന്തരിച്ച നടന്‍ കുണ്ടറ ജോണിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ജോണിയെ ഓര്‍ത്തത്. വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു ജോണിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

”പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു. സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികള്‍” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് നടന്‍ കുണ്ടറ ജോണി അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വില്ലനായും സ്വഭാവ നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജോണി.

അവസാന ചിത്രമായ മേപ്പടിയാന്‍ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അന്ത്യം. കിരീടം, ഗോഡ്ഫാദര്‍, ചെങ്കോല്‍, സ്ഫടികം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Read more

1979-ല്‍ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. ആദ്യകാലം മുതല്‍ വില്ലന്‍ വേഷങ്ങള്‍ ആയിരുന്നു കുണ്ടറ ജോണിക്ക് ലഭിച്ചിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ.