പകുതി വടിച്ച മുറിമീശയുമായി ദിലീപ് ഏകദേശം രണ്ട് മാസത്തോളം നടന്നിട്ടുണ്ട്, ഒരു വ്യായാമവും ചെയ്യാതെയാണ് തടിച്ചത്: നാദിര്‍ഷ

നാദിര്‍ഷ- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. 67 വയസ് പ്രായമുള്ള കഥാപാത്രമായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം റിയലിസ്റ്റിക് സിനിമയായി ഒരുക്കാന്‍ വിചാരിച്ചിരുന്നതിനാല്‍ പ്രായമുള്ള ആളെ വെച്ച് തന്നെ സിനിമ എടുക്കണമെന്ന് കരുതിയിരുന്നതായാണ് നാദിര്‍ഷ പറയുന്നത്.

ചിത്രത്തിനായി ദിലീപ് എടുത്ത കഷ്ടപ്പാടുകളെ കുറിച്ചാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷ പറയുന്നത്. ദിലീപിന് വേണ്ടി എഴുതിയ കഥാപാത്രമല്ല കേശു. ഈ കഥാപാത്രത്തെ കുറിച്ച് ആലോചിച്ച സമയത്ത് ദിലീപ് മനസിലേ ഇല്ലായിരുന്നു. വേണു ചേട്ടനോ അലന്‍സിയര്‍ ചേട്ടനോ കേശുവിനെ അവതരിപ്പിക്കണം എന്നായിരുന്നു ആഗ്രഹം.

ഇതൊരു പക്കാ റിയലിസ്റ്റിക് സിനിമയായി ഒരുക്കാനാണ് വിചാരിച്ചിരുന്നത്. അതു കൊണ്ട് തന്നെ ആ പ്രായത്തിലുള്ള നടന്‍മാരെ വെച്ച് അധികം മേക്കപ്പ് ഉപയോഗിക്കാതെ കേശുവിനെ അവതരിപ്പിക്കണം എന്നാണ് കരുതിയിരുന്നത്. പിന്നീട് സുരാജിനെയും ഈ കഥാപാത്രത്തിനായി ആലോചിച്ചിരുന്നു.

സുരാജ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനൊക്കെ ചെയ്യുന്നതിന് മുമ്പാണിത്. അപ്പോഴാണ് ദിലീപ് പറയുന്നത് ”ഡാ ഈ കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു. ഇത് നമുക്കൊരു വേറിട്ട ഗെറ്റപ്പില്‍ ചെയ്താലോ” എന്ന്. റോഷന്‍ എന്ന മേക്കപ്പ്മാന്‍ ആണ് ദിലീപിനെ കേശുവായി ഒരുക്കിയത്.

ദിലീപ് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. മുടി മുഴുവനായി മൊട്ടയടിച്ചിട്ടാണ് വിഗ് വെച്ചത്. പകുതി വടിച്ച മുറിമീശയുമായി ഏകദേശം രണ്ട് മാസത്തോളം നടന്നു. മൂന്ന് നേരം ചോറും മറ്റ് ഭക്ഷണങ്ങളും കഴിച്ച് വയറു ചാടിച്ചു, ഒരു വ്യായാമവും ചെയ്യാതെ ശരീരം തടിപ്പിച്ചു.

Read more

അങ്ങനെ ശാരീരികമായി കുറേ തയ്യാറെടുപ്പുകള്‍ ചിത്രത്തിനായി ദിലീപ് നടത്തിയിട്ടുണ്ട് എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഡിസംബര്‍ 31ന് ആണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്. ഉര്‍വശി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.