ഇനി കളി ബോളിവുഡില്‍, നിങ്ങള്‍ തളര്‍ത്താതെ ഇരുന്നാല്‍ മതി: ഒമര്‍ ലുലു

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ ഒമര്‍ ലുലു. ഇപ്പോഴിതാ മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.
ഇനി ബോളിവുഡിലേക്കെന്ന് ഒമര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്.

‘ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയില്‍ ബോളിവുഡില്‍. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാല്‍ മതി’ എന്നാണ് ഒമര്‍ കുറിച്ചത്.

ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ റിലീസായ ഒമറിന്റെ ചിത്രം നല്ല സമയം വിവാദങ്ങളെത്തുടര്‍ന്ന് ജനുവരി രണ്ടിന് പിന്‍വലിക്കേണ്ടിയും വന്നിരുന്നു. മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ‘നല്ല സമയം’ സിനിമയുടെ സംവിധായകന്‍ , നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്‌സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തത്. കേസില്‍ അറസ്റ്റ് ഒഴിവാക്കിത്തന്ന ഹൈക്കോടതിയോടു കടപ്പെട്ടിരിക്കുന്നു എന്ന് ഒമര്‍ ലുലു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ പിന്നീട് പറയുകയുണ്ടായി.

ഇര്‍ഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരെയാണ് സംവിധായകന്‍ ഒമര്‍ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്. കലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കലന്തൂരാണ് ചിത്രം നിര്‍മിച്ചത്.

Read more

അതിനു ശേഷം ‘ബാഡ് ബോയ്‌സ്’ എന്നൊരു സിനിമ പ്രഖ്യാപിച്ചു. മുന്‍ ചിത്രങ്ങളായ ‘ഹാപ്പി വെഡിങ്’, ‘ചങ്ക്‌സ്’ പോലെ ഒരു മുഴുനീള എന്റര്‍ടെയ്നറായിരിക്കും പുതിയ ചിത്രമെന്നായിരുന്നു വിവരം