'ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട': മമ്മൂട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി പാര്‍വതി

മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി പാര്‍വതി. 22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് നടി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പേരെടുത്ത് പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്. സിനിമയുടെ പേര് പറയാന്‍ വിസമ്മതിച്ച പാര്‍വതിയെ വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് കസബയുടെ പേര് പറഞ്ഞത്.

മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പറയാതെ പറയുകയായിരുന്നു പാര്‍വതി. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിക്കുമ്പോള്‍ ഒരിക്കല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ ചിത്രം വീണ്ടും ലൈംലൈറ്റിലേക്ക് വരികയാണ്.

“ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് (ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്.

സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്. ഇത് ചെയ്യുക എന്നാല്‍ സെക്‌സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും.

കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവര്‍ത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചര്‍ച്ച ചെയ്യാന്‍ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു.”

മമ്മൂട്ടി ചിത്രമായ കസബ അതിലെ സ്ത്രീവിരുദ്ധ ഡയലോഗുകളുടെ പേരില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെടുകയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെയും മമ്മൂട്ടിക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് വരലക്ഷ്മി ശരത്ത്കുമാറായിരുന്നു. ലോകമെങ്ങും സ്ത്രീകള്‍ക്ക് അനുകൂലമായ സിനിമാ സാഹചര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളത്തിലെ ഒരു നടി മമ്മൂട്ടിക്കെതിരെ സംസാരിക്കുന്നത് ധീരമെന്നാണ് സോഷ്യല്‍ മീഡിയാ വിലയിരുത്തലുകള്‍.

https://www.facebook.com/mathrubhumidotcom/videos/10156029860527718/