'ഈ ഇന്ത്യയില്‍ നട്ടെല്ലുള്ള കൊമേഡിയന്‍മാരും ഒപ്പം ഭയപ്പെടുത്തുന്ന നട്ടെല്ലില്ലാത്ത കോമാളികളുമുണ്ട്'; മുനാവര്‍ ഫാറൂഖിക്ക് പിന്തുണയുമായി പ്രകാശ് രാജ്

സംഘപരിവാര്‍ ആക്രമണം നേരിടുന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. വിദ്വേഷ പ്രചാരണം ആരോപിച്ച് മുനാവറിന്റെ പരിപാടിക്ക് കഴിഞ്ഞ ദിവസം ബംഗ്ലുരു പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് മുനാവര്‍ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് താരത്തിന് പിന്തുണയുമായി പ്രകാശ് രാജ് രംഗത്തെത്തിയത്. ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്നാണ് താന്‍ വരുന്നത് എന്നാണ് പ്രകാശ് രാജ് ട്വീറ്റില്‍ പറയുന്നത്.

”ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇവിടെ നട്ടെല്ലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി കൊമേഡിയന്‍മാരും ഒപ്പം ഭയപ്പെടുത്തുന്ന തരത്തില്‍ നട്ടെല്ലില്ലാത്ത കോമാളികളുമുണ്ട്” എന്നാണ് നടന്റെ ട്വീറ്റ്. മുനാവറിനെതിരെ കുറച്ച് ദിവസങ്ങളായി സംഘപരിവാര്‍ ആക്രമണം തുടരുകയാണ്.

മുനാവര്‍ തന്റെ പരിപാടികളിലൂടെ അന്യ മതസ്ഥരുടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്നും അതിന്റെ പേരില്‍ പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.  മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം മുനാവര്‍ ജയിലില്‍ കിടന്നിരുന്നു.

Read more

”എല്ലാം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞാന്‍ കരുതുന്നു. എന്റെ പേര് മുനാവര്‍ ഫറൂഖി. നിങ്ങളെല്ലാവരും മികച്ച് ആസ്വാദകരായിരുന്നു. എനിക്ക് മതിയായി. ഗുഡ് ബൈ. വിദ്വേഷം ജയിച്ചു കല തോറ്റു” എന്നാണ് മുനാവര്‍ ട്വീറ്റ് ചെയ്തത്.