രജനി സാറിനെ നായകനാക്കി സിനിമ ചെയ്യാനുള്ള അവസരം കിട്ടി, പാര്‍ട്ട് ടൈം സംവിധായകന്‍ ആയതിനാല്‍ സാധിച്ചില്ല: പൃഥ്വിരാജ്

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ അവസരം കിട്ടിയെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പൃഥ്വിരാജ്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആ പ്രോജക്റ്റ് തുടങ്ങണമെന്ന് നിര്‍മാതാക്കളായ ലൈക്കയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ താന്‍ ഒരു പാര്‍ട്ട് ടൈം സംവിധായകന്‍ ആയതിനാല്‍ രജനി സാറിനായി ഒരു കഥയുണ്ടാകാന്‍ സാധിച്ചില്ലെന്നും അങ്ങനെ ആ സിനിമ നടക്കാതെ പോയി എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

”ലൈക പ്രൊഡക്ഷന്‍സിന് വേണ്ടി രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള അവസരം എനിക്ക് വന്നിരുന്നു. ഒരു പുതിയ സംവിധായകന്‍ എന്ന നിലയില്‍ അത് എനിക്ക് വലിയൊരു ഓഫര്‍ ആയിരുന്നു. ഞാന്‍ അദ്ദേഹത്തിനായി ഒരു കഥയുണ്ടാക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ലൈക പ്രൊഡക്ഷന്‍സിന് ഒരു ടൈം ലൈന്‍ ഉണ്ടായിരുന്നു.”

”ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആ പ്രോജക്റ്റ് തുടങ്ങണമെന്ന് അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം സംവിധായകന്‍ ആയതിനാല്‍ അത് നടന്നില്ല” എന്നാണ് പൃഥ്വിരാജ് പറയുന്നത്. ‘എമ്പുരാന്‍’ സിനിമയുടെ ടീസര്‍ ലോഞ്ചിലാണ് പൃഥ്വിരാജ് സംസാരിച്ചത്. അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ റിലീസിനെത്തുന്നത്.

ഹോളിവുഡ് സ്‌റ്റൈലിലാണ് ടീസര്‍ എത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.