മലയാള സിനിമാലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. മാർച്ച് 28 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ച് മെലിഞ്ഞത് വലിയ വാർത്തയായിരുന്നു. യഥാർത്ഥ നജീബിന്റെ ശരീരപ്രകൃതിയിലേക്കെത്താൻ പൃഥ്വിരാജ് ചെയ്ത ഹാർഡ്വർക്കിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു.19 കിലോയാണ് ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.
ഇപ്പോഴിതാ തന്റെ മകളെ താൻ അഭിനയിച്ച ഒരു സിനിമയും കാണിച്ചിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരൻ. മകൾ ആദ്യം കാണുന്ന ചിത്രം ആടുജീവിതമായിരിക്കുമെന്നും അതിന് കാരണമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
“ഞാൻ എന്റെ മകൾക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്.
Read more
അവൾക്ക് 9 വയസ്സേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനിൽ എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസ്സിലാവും അവളുടെ അച്ഛൻ ഒരു ആക്റ്റർ ആണെന്നും, ഒരു ആക്റ്റർ എന്നാൽ എന്താണ് അർത്ഥമെന്നും.” എന്നാണ് ആടുജീവിതം പ്രസ് മീറ്റിനിടെ പൃഥ്വിരാജ് പറഞ്ഞത്.